“മിസ് യു ധനുഷ്”; അസുരന്‍ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മഞ്ജു വാര്യര്‍

October 15, 2019

‘അസുരന്‍’ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യര്‍. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്. ചിത്രത്തിലെ മഞ്ജു വാര്യരുടെ അഭിനയത്തെ പ്രശംസിച്ചുകൊണ്ടും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. വെട്രിമാരനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

ഇപ്പോഴിതാ അസുരന്‍ കുടുംബത്തിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍. മഞ്ജുവിനൊപ്പം അസുരനില്‍ അഭിനയിച്ച യുവതാരങ്ങെള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ‘അസുരന്‍ ഫാമിലി, വി മിസ് യു ധനുഷ്’ എന്ന അടിക്കുറിപ്പും താരം ചിത്രത്തിന് നല്‍കി. അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷ് ആണ് നായക കഥാപാത്രം.

Read more:അന്ന് ആ പാട്ട് പാടിയപ്പോള്‍ റിയാലിറ്റി ഷോയില്‍ നിന്നും ഔട്ട്, ഇന്ന് അതേപാട്ടിന് ഡാന്‍സ് ചെയ്ത് കൈയടി നേടി ഷെയ്ന്‍ നിഗം: വീഡിയോ

ചിത്രത്തിനുവേണ്ടിയുള്ള മഞ്ജു വാര്യരുടെ മേക്ക് ഓവറും ശ്രദ്ധ നേടുന്നുണ്ട്. അതേസമയം 1998ല്‍ പുറത്തിറങ്ങിയ കന്മദം എന്ന ചിത്രത്തിലെ മഞ്ജു വാര്യര്‍ അവതരിപ്പിച്ച ഭാനു എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുന്നുണ്ടെന്നാണ് കൂടുതല്‍ ആളുകളും താരത്തിന്റെ പുതിയ മെയ്ക്ക് ഓവറിന് നല്‍കുന്ന കമന്റ്. തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച ‘വെക്കൈ’ എന്ന നോവലിനെ ആസ്പദമാക്കിയാണ് ‘അസുരന്‍’ ഒരുക്കിയിരിക്കുന്നത്.

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് അസുരന്റെ നിര്‍മ്മാണം. ധനുഷ് വെട്രിമാരന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. ബലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യ ശിവ, പവന്‍, യോഗി ബാബു, ആടുകളം നരന്‍, തലൈവാസല്‍ വിജയ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അസുരനില്‍ പച്ചൈമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്.