കാന്‍സര്‍ കാല് കവര്‍ന്നു; തളരാതെ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അഞ്ജലി: വീഡിയോ

October 10, 2019

അഞ്ജിലി എന്നത് വെറുമൊരു പേരല്ല. അനേകര്‍ക്ക് പ്രചോദനമേകുകയാണ് ഈ പെണ്‍കുട്ടി. ഒരു കാലുകൊണ്ട് അതിമനോഹരമായി നൃത്തം ചെയ്യുന്ന അഞ്ജലിയുടെ വീഡിയോ മണിക്കൂറുകള്‍ക്കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്.

കാന്‍സര്‍ കവര്‍ന്നെടുത്തതാണ് അഞ്ജലിയുടെ ഒരു കാല്‍. എന്നാല്‍ ജീവിതത്തിലെ വിധിയോടും വെല്ലുവിളികളോടും തോല്‍വി സമ്മതിക്കാന്‍ ഈ മിടുക്കി തയാറായിരുന്നില്ല. വേദനകളിലും ദുരിതങ്ങളിലും തനിക്ക് ഏറെ പ്രിയപ്പെട്ട നൃത്തത്തെ അഞ്ജലി തന്നോട് ചേര്‍ത്ത് നിര്‍ത്തി, പാതിവഴിയില്‍ ഉപേക്ഷിക്കാതെ.

Read more: ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

ഭൂല്‍ ഭുലയ്യ എന്ന ഹിന്ദി ചിത്രത്തിലെ മേരെ ഡോല്‍നാ സുന്‍ എന്ന മനോഹരഗാനത്തിന് അതിമനോഹരമായ നൃത്തം ചെയ്യുന്ന അഞ്ജലിയുടെ വീഡിയോ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അഞ്ജലിയുടെ പ്രകടനത്തിനു മുമ്പില്‍ നിറഞ്ഞ് കൈയടിക്കുന്നതോടപ്പം അഞ്ജലിയുടെ തളരാത്ത മനസിനെയും പ്രശംസിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ.

ചെറിയ കുറവുകളില്‍ പോലും പലപ്പോഴും തളര്‍ന്നു പോകുന്നവരാണ് മിക്കവരും. അപകര്‍ഷതാ ബോധത്തിന്റെ പിടിയില്‍ അകപ്പെട്ട് സ്വയം ഉള്‍വലിഞ്ഞ് ജീവിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ഇത്തരക്കാര്‍ക്കെല്ലാം വലിയ പ്രചോദനമാകുകയാണ് അഞ്ജലി എന്ന മിടുക്കിയുടെ ജീവിതം. ജീവിതത്തിലെ വെല്ലുവിളികളില്‍ തളര്‍ന്നു വീഴാതെ ഫിനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നു പറക്കാന്‍ അനേകര്‍ക്ക് പ്രതീക്ഷകളുടെ ചിറകുകള്‍ നല്‍കുകയാണ് അഞ്ജലി.