അദ്വൈതിന് വേണ്ടി ഗാനം ആലപിച്ച് ദുൽഖർ; നന്ദി അറിയിച്ച് ജയസൂര്യ

October 1, 2019

അച്ഛനെപോലെത്തന്നെ നിരവധി ആരാധകരുള്ള താരമാണ് മകൻ അദ്വൈത് ജയസൂര്യ. ഹ്രസ്വചിത്ര സംവിധാനത്തിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ അദ്വൈതിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ ചലച്ചിത്ര ആസ്വാദകർക്കിടയിൽ ശ്രദ്ധനേടുന്നത്.

അദ്വൈത് ഒരുക്കുന്ന പുതിയ വെബ് സീരീസാണ് ‘ഒരു സർബത്ത് കഥ’. ഇതിന്റെ ടൈറ്റിൽ സോങ് ആലപിച്ചിരിക്കുന്നത് യുവനടന്മാരിൽ ശ്രദ്ധേയനായ ദുൽഖർ സൽമാനാണ്. ‘ഇത് ആദികുട്ടന്റെ ഒരു സ്വപ്നമായിരുന്നെന്നും, അത് നേടിയെടുക്കാൻ സഹായിച്ചതിന് ദുൽഖറിനോട് നന്ദി പറയുന്നു’വെന്നും ജയസൂര്യ അറിയിച്ചു. ലയ കൃഷ്ണ രാജിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് കൃഷ്ണരാജാണ്.

അതേസമയം അദ്വൈത് സംവിധാനം ചെയ്ത ‘കളര്‍ഫുള്‍ ഹാന്‍ഡ്‌സ്’ എന്ന ഹ്രസ്വചിത്രം ഒര്‍ലാന്‍ഡോ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സിനിമ ആസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ കഥ എഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം അദ്വൈത് തന്നെയാണ്. ഷോര്‍ട്ട്ഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അദ്വൈതാണ്. അദ്വൈതിനുപുറമെ അര്‍ജുന്‍ മനോജ്, മിഹിര്‍ മാധവ്, അനന്‍ അന്‍സാദ്, അരുണ്‍ വെഞ്ഞാറമ്മൂട് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്.

‘ഗുഡ് ഡേ’ എന്ന ഹ്രസ്വ ചിത്രവും അദ്വൈത് നേരത്തെ സംവിധാനം ചെയ്തിട്ടുണ്ട്. കളര്‍ഫുള്‍ ഹാന്‍ഡ്‌സ് എന്ന ഷോര്‍ട്ട്ഫിലിമിന്റെ നിര്‍മ്മാണം ജയസൂര്യ, സരിത ജയസൂര്യ, വേദ ജയസൂര്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. ശുചിത്വമില്ലായ്മ കൊണ്ട് പകര്‍ച്ചവ്യാധി പിടിപ്പെട്ട് മരിക്കുന്ന ഒരു കുട്ടിയുടെ കഥയാണ് അദ്വൈത് കളർഫുൾ ഹാൻഡ്‌സിലൂടെ പറയുന്നത്.