ദുല്‍ഖര്‍ സല്മാന് സുരേഷ് ഗോപിയുടെ ‘ചെക്ക്’; സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ഒരു ഫോട്ടോ
ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് ഒരു ഫോട്ടോ. ചെസ് ബോര്‍ഡിന് ഇരുവശത്തായി മുഖാമുഖം നോക്കിയിരിക്കുന്ന സുരേഷ് ഗോപിയും ദുല്‍ഖര്‍ സല്‍മാനുമാണ് ഫോട്ടോയിലെ താരങ്ങള്‍. സത്യന് അന്തിക്കാടിന്റെ മകന് അനൂപ് സത്യന് സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണ വേളയിലെ ഒരു ഫോട്ടോയാണ് ഇത്. എന്തായാലും ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചെത്തുകയാണ് പുതിയ ചിത്രത്തിലൂടെ. അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ശോഭന, കല്യാണി പ്രിയദര്ശന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
2015ല്‍ പുറത്തിറങ്ങിയ ‘മൈ ഗോഡ്’ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളില്‍ എത്തിയ ചിത്രം. അതേവര്‍ഷംതന്നെയാണ് തമിഴില്‍ ‘ഐ’ എന്ന ചിത്രവും തിയറ്ററുകളില്‍ പ്രദര്‍നത്തിനെത്തിയത്. ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം ദുല്‍ഖര്‍ സല്മാന് നായക കഥാപാത്രമായെത്തുന്ന കുറുപ്പ് എന്ന ചിത്രവും അണിയറയില്‍ ഒരുക്കത്തിലാണ്. വേഫെയറര്‍ പിലിംസ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജിതിന് കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.