സ്നേഹം മതമാക്കി എടക്കാട് ബറ്റാലിയൻ 06

October 18, 2019

സ്നേഹമാണ് ‘എടക്കാട് ബറ്റാലിയൻ 06’ൻ്റെ മതം. സ്നേഹം പറയുന്ന സീനുകളാണ് സിനിമയെ ലൈവാക്കി നിർത്തുന്നത്. ഒരു പട്ടാളപ്പടമല്ല ‘എടക്കാട് ബറ്റാലിയൻ 06’, മറിച്ച് ഒരു പട്ടാളക്കാരൻ്റെ കുടുംബ ജീവിതത്തെപ്പറ്റിയുള്ള സിനിമയാണ്. പലപ്പോഴും ഒരു പട്ടാളക്കാരൻ എങ്ങനെയാണ് അവൻ്റെ കുടുംബജീവിതം മുന്നോട്ടു കൊണ്ടുപോവുന്നതെന്ന കൃത്യമായ ധാരണ നമുക്ക് ഉണ്ടാവില്ല. അത്തരം ധാരണകളിലേക്കാണ് സ്വപ്നേഷ് കെ നായർ ക്യാമറ തിരിച്ചു വെച്ചിരിക്കുന്നത്.

ക്യാപ്റ്റൻ ഷഫീക്ക് മുഹമ്മദ് പട്ടാളത്തിൽ നിന്ന് അവധിയെടുത്ത് നാട്ടിലെത്തുന്നതു മുതൽക്കാണ് സിനിമ ആരംഭിക്കുന്നത്. നാട്ടിലെ ചില്ലറ പ്രശ്നങ്ങളും വിശേഷങ്ങളുമായി സാവധാനം മുന്നോട്ടു പോവുന്നതിനിടെയാണ് നാട്ടിലെ ഡ്രഗ് മാഫിയയുമായി ഷഫീക്ക് കൊമ്പുകോർക്കുന്നത്. ഇതോടെ സിനിമ മറ്റൊരു ട്രാക്കിലേക്ക് കയറുകയാണ്. ഇതിനിടെ സ്കൂൾ ടീച്ചറായ നൈന ഫാത്തിമയുമായി ഷഫീക്കിൻ്റെ വിവാഹം ഉറപ്പിക്കുന്നു. വിവാഹ നിശ്ചയത്തിനു ശേഷം ഷഫീക്ക് തിരികെ കശ്മീരിലേക്ക് പോകുന്നു.

ഇതിനിടെ നാട്ടിലെ ഡ്രഗ് മാഫിയ ഷഫീക്കിൻ്റെ കല്യാണം മുടക്കാൻ ശ്രമം നടത്തുന്നു. എന്നാൽ അത് പരാജയപ്പെടുകയും ഷഫീക്കിനെ കണ്ട് വാർത്തയുടെ സത്യാവസ്ഥ അറിയാൻ നൈന കശ്മീരിലേക്ക് തിരിക്കുകയും ചെയ്യുന്നു. കല്യാണത്തിൻ്റെ ഒരുക്കങ്ങൾ നടക്കുമ്പോൾ ഡ്രഗ് മാഫിയ ഷഫീക്കിനെ കൊലപ്പെടുത്താൻ പദ്ധതിയിടുന്നു. അവിടെയാണ് ഒരു ഗംഭീര ട്വിസ്റ്റ്. ആ ട്വിസ്റ്റ് മുതൽ സിനിമയുടെ ട്രാക്ക് വീണ്ടും മാറുന്നു. അതിവൈകാരികമായ ചില രംഗങ്ങൾക്കൊടുവിൽ പോസിറ്റിവ് നോട്ടിൽ സിനിമ അവസാനിക്കുകയാണ്.

ക്ലൈമാക്സിലേക്കടുക്കുമ്പോഴുള്ള 20ഓളം മിനിട്ടുകളാണ് സിനിമയുടെ ആത്മാവ്. അതുവരെ പറഞ്ഞുവെച്ച കഥാഗതിയുടെ തീവ്രത ഈ 20 മിനിട്ടിൽ വല്ലാതെ ശക്തമാവുന്നുണ്ട്. കഥാപാത്രങ്ങളായി വേഷമിട്ടവരെല്ലാം അവരവരുടെ റോളുകൾ ഭംഗിയാക്കി. ടൊവിനോയുടെ പ്രകടനം എടുത്തു പറയണം. വളരെ പക്വമായി ടൊവിനോ തൻ്റെ കഥാപാത്രത്തെ അവതരിപ്പിച്ചു. സംയുക്ത മേനോനും പി ബാലചന്ദ്രനും ജോയ് മാത്യുവും സരസ ബാലുശ്ശേരിയുമൊക്കെ വളരെ ഭംഗിയായി സ്ക്രീനിൽ നിറഞ്ഞു. സുധീഷ് അവതരിപ്പിച്ച പൊലീസുകാരൻ്റെ കഥാപാത്രം അയാളുടെ വ്യത്യസ്തമായ മുഖമായി.

ടെക്നിക്കൽ വിഭാഗങ്ങളെപ്പറ്റി പരാമർശിക്കുമ്പോൾ പാട്ടുകൾ മികച്ചു നിന്നു. നേരത്തെ സോഷ്യൽ മീഡിയയിൽ റിലീസ്ആയ രണ്ട് പാട്ടുകളെക്കൂടാതെ മൂന്നാമതൊരു പാട്ടുകൂടി സിനിമയിലുണ്ട്. കൈലാസ് മേനോൻ തൻ്റെ മാജിക്ക് തുടരുകയാണ്. സിനു സിദ്ധാർത്ഥിൻ്റെ ക്യാമറയും മികച്ചതായി. പി ബാലചന്ദ്രൻ്റെ തിരക്കഥയാണ് അല്പം ദുർബലമായി തോന്നിയത്. പക്ഷേ, സംവിധായകൻ ആ കുറവ് പരിഹരിച്ചിട്ടുണ്ട്.

മൊത്തത്തിൽ കണ്ണടച്ചു വിടാവുന്ന ചില കുറവുകളൊഴിച്ചാൽ കണ്ടിരിക്കാവുന്ന ഒരു കുടുംബ ചിത്രമാണ് ‘എടക്കാട് ബറ്റാലിയൻ 06’.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!