‘വികൃതി’യിൽ പറയുന്നത് തന്റെ ജീവിതം; നിറകണ്ണുകളോടെ എൽദോ

October 5, 2019

സൗബിനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ ചിത്രമാണ് വികൃതി. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന ചിത്രം കണ്ടിറങ്ങിയ എൽദോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. എൽദോയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ തന്നെ കണ്ട് നിറകണ്ണുകളോടെയാണ് എൽദോ പുറത്തിറങ്ങിയത്.

കൊച്ചി മെട്രോയിൽ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരില്‍ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ അങ്കമാലി സ്വദേശി എൽദോ എന്ന വ്യക്തിയെ അത്രപെട്ടന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല. ശാരീരിക പരിമിധികളുള്ള എൽദോ മദ്യപിച്ച് കിടന്നുറങ്ങിയെന്ന പേരിൽ ദൃശ്യങ്ങളടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും തിരികെ വരുമ്പോഴാണ്  എൽദോ മെട്രോയിൽ കിടന്ന് അവശനായി ഉറങ്ങിപോയത്. വികൃതി എന്ന ചിത്രത്തിലൂടെ ഈ സംഭവത്തെ വെള്ളിത്തിരയിൽ എത്തിക്കുകയാണ് നവാഗതനായ എം സി ജോസഫ്.

ചിത്രത്തിൽ എൽദോയായി വേഷമിടുന്നത് സുരാജ് വെഞ്ഞാറമൂടാണ്. സംസാര ശേഷിയും കേൾവി ശക്തിയും നഷ്‌ടപ്പെട്ട യുവാവായാണ് ചിത്രത്തിൽ സുരാജ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം മെട്രോയിൽ അവശനായി കിടന്ന യുവാവിന്റെ ചിത്രങ്ങൾ എടുത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്യക്തിയായാണ് സൗബിൻ എത്തുന്നത്. സമീർ എന്നാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

Read also: ‘നായകൻ’ മുതൽ ‘ജല്ലിക്കട്ട്’ വരെ; ലിജോ ജോസ് പെല്ലിശ്ശേരി ഒരു സിനിമാപുസ്തകം

ബാബുരാജ്, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പുതുമുഖ താരമായ വിന്‍സിയാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. കട്ട് 2 ക്രിയേറ്റീവ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.