ശ്രദ്ധേയമായി ‘കെട്ട്യോളാണ് എന്റെ മാലാഖ’യിലെ ഗാനം: വീഡിയോ

October 6, 2019

മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് മികച്ച കഥാപാത്രങ്ങളെ സമ്മാനിയ്ക്കുന്ന നടനാണ് ആസിഫ് അലി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിലെ ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. നിസ്സാം ബഷീര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘കെട്ട്യോളാണ് എന്റെ മാലാഖ’. ചിത്രത്തിലെ ‘എന്നാ ഉണ്ട്രാ..’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. സിനിമയുടെ ചില ലൊക്കേഷന്‍ കാഴ്ചകളും ഗാനരംഗത്തില്‍ ഇടം നേടിയിട്ടുണ്ട്.

ബി കെ ഹരിനാരായണന്റേതാണ് ഗാനത്തിലെ വരികള്‍. വില്ല്യം ഫ്രാന്‍സിസ് സംഗീതം പകര്‍ന്നിരിക്കുന്നു. വില്ല്യം ഫ്രാന്‍സിസാണ് ഗാനം ആലപിച്ചിരിക്കുന്നതും. കുടുംബപശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, ജസ്റ്റിന്‍ സ്റ്റീഫന്‍, വിച്ചു ബാലമുരളി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അജി പീറ്റര്‍ തങ്കമാണ് കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയുടെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു.

Read more:വിമാനത്തില്‍ നിന്നും താഴേയ്ക്ക് വീണ ഐഫോണ്‍ തിരികെ കിട്ടിയത് ഒരു വര്‍ഷം കഴിഞ്ഞ്; വീഴ്ചയുടെ ദൃശ്യങ്ങള്‍ ഫോണില്‍: വീഡിയോ

അതേസമയം ‘കക്ഷി അമ്മിണിപിള്ള’ ആണ് ആസിഫ് അലി നായകനായി തിയറ്ററുകളില്‍ അവസാനമെത്തിയ ചിത്രം. ‘അണ്ടര്‍ വേള്‍ഡ്’ എന്ന ചിത്രവും ആസിഫിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിനുപുറമെ ആര്‍ജെ മാത്തുക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭമായ ‘കുഞ്ഞെല്‍ദോ’ എന്ന ചിത്രത്തിലും ആസിഫ് അലിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.