കുടുംബത്തിനൊപ്പം ഫഹദും നസ്രിയയും; വൈറലായി ചിത്രങ്ങൾ
മലയാളികൾ എന്നും സ്നേഹത്തോടെ ഉറ്റുനോക്കുന്ന താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. മലയാളത്തിലെ മികച്ച അഭിനേതാക്കൾ എന്ന നിലയിലും വെള്ളിത്തിരയിൽ ശ്രദ്ധേയമാണ് ഇരുവരും. ഇപ്പോഴിതാ ഇരുവരുടെയും കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകൻ ഫാസിൽ, മകൻ ഫഹദ് ഫാസിൽ, ഫർഹാൻ ഫാസിൽ, മരുമകള്‍ നസ്രിയ തുടങ്ങി കുടുംബത്തിലെ മക്കളും കൊച്ചുമക്കളും അടക്കമുള്ളവരുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
നീലയും വെള്ളയും കളറിലുള്ള വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്. പിക്ച്ചർ പെർഫെക്ട് എന്ന വിശേഷങ്ങളോടെയാണ് ആരാധകരും ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം ഫഹദ് ഫാസിലിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ട്രാൻസ്. ചിത്രീകരണം പൂർത്തിയായ സിനിമ അൻവർ റഷീദാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.
അതേസമയം വിവാഹ ശേഷം വെള്ളിത്തിരയിൽ നിന്നും വിട്ടുനിന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെയാണ് സിനിമരംഗത്ത് തിരിച്ചുവരവ് നടത്തിയത്. അഭിനയത്തിനപ്പുറം നിർമ്മാതാവ് എന്ന നിലയിലും ശ്രദ്ധനേടുകയാണ് നസ്രിയ. മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളാണ് ഫാസിൽ. അദ്ദേഹം അഭിനേതാവായി വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് പൃഥ്വിരാജ് സുകുമാരൻ സംവിധാനം നിർവഹിച്ച ലൂസിഫർ.