ഗാനമേളയുടെ ആവേശത്തില്‍ ഗാനഗന്ധര്‍വ്വനിലെ പുതിയ ഗാനം: വീഡിയോ

October 15, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് ആണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗാനഗന്ധര്‍വ്വന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിയ്ക്കുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഗാനഗന്ധര്‍വ്വനിലെ പുതിയ ഗാനം. ചിത്രത്തിലെ ‘കലയുടെ കേളീ സദനമുണര്‍ന്നു…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ഗാനമേളയുടെ ആവേശം ആവോളം പ്രതിഫലിയ്ക്കുന്നുണ്ട് ഈ ഗാനരംഗത്തില്‍. കലാസദന്‍ ഗാനമേള ട്രൂപ്പിന്റെ വിവിധ പരിപാടികളുടെ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഒരുക്കിയിരിക്കുന്നത്.

Read more:അന്ന് ആ പാട്ട് പാടിയപ്പോള്‍ റിയാലിറ്റി ഷോയില്‍ നിന്നും ഔട്ട്, ഇന്ന് അതേപാട്ടിന് ഡാന്‍സ് ചെയ്ത് കൈയടി നേടി ഷെയ്ന്‍ നിഗം: വീഡിയോ

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കും ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.