പ്രേക്ഷകഹൃദയം തൊട്ട് ഗാനഗന്ധര്‍വ്വനിലെ ഗാനം: വീഡിയോ

October 13, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. രമേഷ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. പഞ്ചവര്‍ണ്ണ തത്ത എന്ന ചിത്രത്തിനു ശേഷം രമേഷ് പിഷാരടി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് ആണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ഗാനഗന്ധര്‍വ്വന് മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിയ്ക്കുന്നത്.

ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ഗാനഗന്ധര്‍വ്വനിലെ പുതിയ ഗാനം. ചിത്രത്തിലെ വീഥിയില്‍… എന്നു തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ദീപക് ദേവ് സംഗീതം പകര്‍ന്നിരിക്കുന്നു. ഉണ്ണി മേനോനാണ് ആലാപനം. ആര്‍ദ്രമായ ഈ ഗാനം പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടുന്നു.

Read more:“സമയമാകുന്നത് വരെ നമ്മള്‍ കാത്തുനില്‍ക്കണം; തോറ്റുകൊടുക്കാനല്ല, തിരിച്ചടിക്കാന്‍”: ‘സ്റ്റാന്‍ഡ്അപ്പ്’ ട്രെയ്‌ലര്‍

ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. പുതുമുഖ താരം വന്ദിതയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലീം കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, മണിയന്‍പിള്ള രാജു, കുഞ്ചന്‍, അശോകന്‍, സുനില്‍ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങി നിരവധി താരനിരകള്‍ അണിനിരക്കുന്നുണ്ട്. ഗാനഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ക്കും ആസ്വാദകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയാണ് ലഭിയ്ക്കുന്നത്.