വിസ്മയിപ്പിച്ച് ശിവകാര്‍ത്തികേയന്‍; ‘ഹീറോ’ ടീസര്‍ ശ്രദ്ധേയമാകുന്നു

October 25, 2019

തമിഴകത്തിന് പുറമെ മലയാളക്കരയിലും ഏറെ ആരാധകരുള്ള നടനാണ് ശിവകാര്‍ത്തികേയന്‍. ‘ഹീറോ’ എന്ന പുതിയ ചിത്രത്തില്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്നു. ആരാധകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍ ഹീറോ ആയാണ് ടീസറില്‍ ശിവകാര്‍ത്തികേയന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും.

വന്‍ വരവേല്‍പാണ് ചിത്രത്തിന്റെ ടീസറിന് ലഭിയ്ക്കുന്നത്. ഇരുപത് ലക്ഷത്തിലധികം ആളുകള്‍ ഹീറോയുടെ ടീസര്‍ ഇതിനോടകംതന്നെ കണ്ടു കഴിഞ്ഞു. ഒക്ടോബര്‍ 23 ന് യുട്യൂബില്‍ പങ്കുവച്ച ടീസര്‍ ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ രണ്ടാം സ്ഥാനത്തുണ്ട്.

പി എസ് മിത്രന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഇരുമ്പ് തിരൈ’ എന്ന ചിത്രത്തിന് ശേഷം പി എസ് മിത്രന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഹീറോ. ബോളിവുഡ് താരം അഭയ് ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായെത്തുന്നു. കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നത്. ആക്ഷന്‍ കിങ് അര്‍ജുനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

Read more:കുഞ്ഞനുജത്തിക്കായി ഒരു സ്‌നേഹത്താരാട്ട്: വീഡിയോയ്ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി

സൂപ്പര്‍ഹീറോ ആയി ശിവകാര്‍ത്തികേയന്‍ എത്തുന്നു എന്നത് തന്നെയാണ് ഹീറോ എന്ന സിനിമയുടെ മുഖ്യ ആകര്‍ഷണം. ഒരു ശാസ്ത്രജ്ഞനായാണ് അര്‍ജുന്‍ ചിത്രത്തിലെത്തുന്നത്. ജോര്‍ജ് സി വില്യംസ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം നിര്‍വ്വഹിക്കുന്നത്. റൂബെന്‍ ആണ് ചിത്രസംയോജനം. ഹീറോ ഡിസംബര്‍ 20 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.