ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം; എറിഞ്ഞുവീഴ്ത്തി ഷമിയും ജഡേജയും
ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ആദ്യ ടെസ്റ്റില്‍ മിന്നും വിജയം സ്വന്തമാക്കി ടീം ഇന്ത്യ. രോഹിത് ശര്‍മ്മയുടെയും പൂജാരയുടെയും തകര്‍പ്പന്‍ ബാറ്റിങ്ങിന് പിന്നാലെ ഷമിയും ജഡേജയും ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ എറിഞ്ഞ് വീഴ്ത്തിയപ്പോള്‍ കോഹ്ലിപ്പടയ്ക്ക് മുമ്പില്‍ പരാജയം സമ്മതിക്കേണ്ടി വന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ആദ്യ ടെസ്റ്റില്‍ 203 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.
ടെസ്റ്റില്‍ 394 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. 395 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് 191 റണ്‍സ് എടുത്ത് കളം വിടേണ്ടി വന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞ് വീഴ്ത്തിയത്.
പതിനൊന്ന് റണ്‍സുമായി അവസാന ദിനം ബാറ്റിങ് പുനഃരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതല്‍ക്കെ പാളിച്ചകളായിരുന്നു. അവസാന ദിനം ഇന്ത്യന്‍ താരം അശ്വിന് വിക്കറ്റ് വീഴ്ചയ്ക്ക് തുടക്കമിട്ടതോടെ ഇന്ത്യന്‍ ആരാധകരും വിജയപ്രതീക്ഷയിലായി. പിന്നാലെ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ബൗളിങ് ഏറ്റെടുത്തതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ആരാധക പ്രതീക്ഷ തെറ്റാതെ ഇന്ത്യ വിജയം സ്വന്തമാക്കുകയും ചെയ്തു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 324 റൺസിനാണ് ഡിക്ലയർ ചെയ്തത്. ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ രണ്ടാം ഇന്നിംഗ്സിലും സെഞ്ച്വറി കരസ്ഥമാക്കിയതും ഇന്ത്യയ്ക്ക് കരുത്തായി. മത്സരത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 324 റൺസിനാണ് ഇന്ത്യ കളി ഡിക്ലയർ ചെയ്തത്.