ഇന്ത്യ-ദക്ഷിണാഫ്രിക്ക: ബാറ്റിങ്ങില്‍ ഇന്ത്യക്ക് കാലിടറുന്നു, കോഹ്ലിയും പുറത്ത്

October 19, 2019

ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് കാലിടറുന്നു. അമ്പത് റണ്‍സ് എടുക്കുന്നതിന് മുമ്പേ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സ് നേടിയ രേഹിത് ശര്‍മ്മയും 11 റണ്‍സുമായ അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍.

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെച്ച മായങ്ക് അഗര്‍വാളിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ പൂജാരയും കളം വിട്ടു. നായകന്‍ വിരാട് കോഹ്ലിക്കും ഇന്ന് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല.

റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മൂന്നാം അങ്കം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കകയായിരുന്നു. അതേസമയം ഇന്ത്യ ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മൂന്ന് തവണയും ടോസ് നേടിയത് ഇന്ത്യ തന്നെയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി മൂന്ന് തവണ തെരഞ്ഞെടുത്തത് ബാറ്റിങും. രണ്ട് തവണയും ബാറ്റിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചിരുന്നു. എന്നാല്‍ അവസാന അങ്കത്തില്‍ ഇന്ത്യയ്ക്ക് കാലിടറുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്.

Read more:അഭിനയത്തില്‍ അതിശയിപ്പിച്ച് ബിജു മേനോനും നിമിഷ സജയനും; ശ്രദ്ധേയമായി ‘നാല്‍പത്തിയൊന്ന്’-ലെ ഗാനം

എന്നാല്‍ ബൗളിങ്ങില്‍ മറ്റൊരു മാറ്റവുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്. ഫാസ്റ്റ് ബോളര്‍ ഇഷാന്ത് ശര്‍മ്മ മൂന്നാം ടെസ്റ്റില്‍ കളിക്കുന്നില്ല. പകരം സ്പിന്നര്‍ ഷഹബാസ് നദീം കളത്തിലിറങ്ങുന്നു. നദീമിന്റെ ആദ്യ ടെസ്റ്റ് മത്സരം കൂടിയാണ് ഇത്.

മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ ഇതിനോടകംതന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. മൂന്നാമത്തെ മത്സരം ജയിക്കാനായാല്‍ ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ 120 പോയിന്റ് സ്വന്തമാക്കാനും ഇന്ത്യന്‍ ടീമിനു സാധിക്കും.