‘ജോസഫ് ഞെട്ടിച്ചു കളഞ്ഞു’; ജോജുവിന് ജപ്പാനിൽ നിന്നൊരു അഭിനന്ദനം

October 29, 2019

മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് ജോജു ജോർജ് റിട്ടയേർഡ് പൊലീസ് ഓഫീസറായി എത്തിയ ജോസഫ്. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തെതേടി നിരവധി ആശംസകൾ നേരത്തെ എത്തിയിരുന്നു. എന്നാൽ ചിത്രത്തെതേടി ജപ്പാനിൽ നിന്നും എത്തിയ അഭിനന്ദനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘ചിത്രം തന്നെ ഏറെ ഞെട്ടിച്ചുകളഞ്ഞുവെന്നാണ് ‘ മാസയോഷി തമുറ എന്ന സിനിമ പ്രേമി ട്വിറ്ററിൽ കുറിച്ചത്.

ഡിജിറ്റൽ സർവീസ് ആൻഡ് സൊല്യൂഷൻസ് ഗ്രൂപ്പിന്റെ ജനറൽ മാനേജരാണ് തമുറ. ഇന്ത്യയെ പഠിക്കാൻ ശ്രമിക്കുന്ന ഒരാളാണ് താൻ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.

തമുറയുടെ കുറിപ്പ് വായിക്കാം…

ജോസഫ് എന്ന കേരള ചിത്രം അക്ഷരാർത്ഥത്തിൽ തന്നെ ഞെട്ടിച്ചു. ഒരു വലിയ കുറ്റം കണ്ടെത്തുന്ന പൊലീസുകാരൻ. വലിയ സമർപ്പണ ബോധത്തോടെയാണ് അദ്ദേഹം കുറ്റം കണ്ടെത്തുന്നത്. ഈ ചിത്രം ബോളിവുഡിലെ ഹാപ്പി ഡാൻസിംഗ് ചിത്രങ്ങളിൽനിന്നും തികച്ചും വ്യത്യസ്തം. പൊതുവെ ജാപ്പനീസുകാർ ചിന്തിക്കുന്നത് ഇന്ത്യൻ ചിത്രങ്ങളിൽ കൂടുതലും നൃത്തങ്ങളാണെന്നാണ്. ഇന്ത്യ വൈവിധ്യങ്ങളുടെ നാടാണെന്ന് അവർക്കറിയാം. എന്നാൽ ഇത് എത്രത്തോളം വൈവിധ്യമാണെന്ന് അവർക്കറിയില്ല. കാരണം ഏകതാനമായ ഒരു സമൂഹത്തിലാണ് അവർ ജീവിക്കുന്നത്. ഇന്ത്യയുമായി മികച്ച രീതിയിലുള്ള ബന്ധം പുലർത്തുന്നതിന് ഇന്ത്യയെ ഇനിയും കൂടുതലായി അവർ അറിയണം.

ഒരു പൊലീസുകാരന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷീഹി കബീറിന്റേതാണ് തിരക്കഥ. ദിലീഷ് പോത്തന്‍, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്‍, ആത്മീയ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.