അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ ജയസൂര്യ; അമേരിക്കന്‍ ചലച്ചിത്രമേളയില്‍ മികച്ച നടന്‍

October 4, 2019

വിത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കുന്ന നടനാണ് ജയസൂര്യ. മലയാളചലച്ചിത്ര ലോകത്തിന് ഒന്നാകെ അഭിമാനിക്കാവുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുകയാണ് താരം. അമേരിക്കയില്‍ വച്ചുനടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ സിന്‍സിനാറ്റിയില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് ജയസൂര്യ അര്‍ഹനായി. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്.

സാമൂഹിക പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് സിന്‍സിനാറ്റി. ഇന്ത്യയില്‍ നിന്ന് അഞ്ഞൂറോളം ചിത്രങ്ങളാണ് മേളയില്‍ മത്സരിച്ചത്. ഇന്ത്യയ്ക്ക് പുറമെ പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും മേളയില്‍ മത്സരത്തിനുണ്ടായിരുന്നു.

രഞ്ജിത് ശങ്കര്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. തിയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു ഈ ചിത്രം. 2018ലാണ് ഞാന്‍ മേരിക്കുട്ടി തിയറ്ററുകളിലെത്തിയത്. ഈ ചിത്രത്തില്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ വേഷത്തിലാണ് ജയസൂര്യ എത്തിയത്. ചിത്രത്തിനായുള്ള ജയസൂര്യയുടെ മേയ്ക്ക് ഓവറും ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.