ചാക്കോച്ചനൊപ്പം അനാർക്കലി; ജിസ് ജോയ് ചിത്രം ഒരുങ്ങുന്നു, വീഡിയോ
മലയാളത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജിസ് ജോയ്. മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ദേശീയ അവാർഡ് ജേതാക്കളായ ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം വൈപ്പിനിൽ നടന്നു.
ചിത്രത്തിൽ കുഞ്ചാക്കോയുടെ നായികയായി എത്തുന്നത് പുതുമുഖമായ അനാർക്കലി നാസറാണ്. ശ്രീരഞ്ജിനി എന്നാണ് അനാർക്കലി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബന് പുറമെ, കെ.പി.എ.സി ലളിത, സിദ്ധിഖ്, രഞ്ജി പണിക്കർ, ശ്രീനിവാസൻ, മുകേഷ്, ദീപ തോമസ്, രമേശ് പിഷാരടി. സൈജു കുറുപ്പ്, അലൻസിയർ, പ്രേം പ്രകാശ്, ലെന, വിനയ് ഫോർട്ട് എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
മാജിക് ഫ്രെയിംസിന്റെ ബാനറില് ലിസ്റ്റിന് സ്റ്റീഫനാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ കഥ ബോബി- സഞ്ജയ് കൂട്ടുകെട്ടാണ്. ഛായാഗ്രഹണം ബാഹുൽ രമേശ്, എഡിറ്റിങ് രതീഷ് രാജ് എന്നിവരും നിർവഹിക്കുന്നു.
Read also: വെള്ളം പൊങ്ങിയാൽ വീടും പൊങ്ങും; പുതിയ കണ്ടുപിടുത്തത്തിന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി, വീഡിയോ
ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ‘വിജയ് സൂപ്പറും പൗർണമിയു’മാണ് ജിസ് ജോയിയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടി നേടിയ ചിത്രമാണ് വിജയ് സൂപ്പറും പൗർണമിയും. റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രമായിരുന്നു വിജയ് സൂപ്പറും പൗർണമിയും. ആസിഫ് അലിയെ നായകനാക്കി ഒരുക്കിയ ബൈസിക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രങ്ങൾക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രവുമായി ജിസ് ജോയ് എത്തുമ്പോൾ മികച്ച പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.