ദുല്‍ഖര്‍ സല്‍മാന്‍ നായകനായി പുതിയ ചിത്രം; സംവിധാനം ജോയ് മാത്യു

October 28, 2019

മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ജോയ് മാത്യു ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അതേസമയം ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. സമകാലിക സംഭവങ്ങളെ പ്രമേയമാക്കി ഒരുക്കുന്ന ഒരു പൊളിറ്റിക്കല്‍ ക്രൈം ത്രില്ലറായിരിക്കും പുതിയ ചിത്രമെന്നാണ് സൂചന.

ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോയ് മാത്യു സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുന്നത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ജോയ് മാത്യുവിന്റെ നിര്‍മ്മാണ കമ്പനിയായ അബ്‌റാ ഫിലിംസും ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേ ഫെയറര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘കുറുപ്പ്’ എന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വേഫെയറര്‍ ഫിലിംസ് ആണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖറും ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജിതിന്‍ കെ ജോസിന്റെ കഥയ്ക്ക് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read more: ദേ, ഇവനാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടിയ ആ ട്രോള്‍ വീഡിയോയുടെ എഡിറ്റര്‍

കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതകഥ പ്രമേയമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ചാക്കോ എന്ന ചലച്ചിത്ര വിതരണക്കാരനെ സുകുമാരക്കുറുപ്പ് വളരെ ആസൂത്രിതമായി കൊലപ്പെടുത്തിയ ശേഷം ശവശരീരം ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്ന് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നീട് പിടികിട്ടാപ്പുള്ളിയായി മുദ്രകുത്തിയ സുകുമാരക്കുറുപ്പിന്റെ ജീവിതം മുമ്പും പലരും സിനിമയാക്കിയിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരിക്കും ഈ ചിത്രമെന്നാണ് സൂചന.