ആനവണ്ടി ആംബുലന്‍സായി; യാത്രക്കാരിക്ക് പുതുജീവന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് കെഎസ്ആര്‍ടിസി ബസുകള്‍. ആനവണ്ടി എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന കെഎസ്ആര്‍ടിസി ബസുകളുടെ ചില സ്നേഹക്കഥകളും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ആനവണ്ടിയുടെ ഒരു നന്മക്കഥയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
ആനവണ്ടി ആംബുലന്‍സായി മാറിയിരിക്കുകയാണ് ഈ കഥയില്‍. ശിവഗിരിയില്‍ നിന്നും കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറാണ് യാത്രക്കാരിയ്ക്ക് തുണയായത്. ബസില്‍വച്ച് കുഴഞ്ഞുവീണ ശക്തിക്കുളങ്ങര സ്വദേശിനി സുധാമ്പികയെ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിച്ചത് ആനവണ്ടിയാണ്.
ദേശീയപാതയില്‍ കരുനാഗപ്പള്ളി മുതല്‍ കായംകുളം വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഇടവഴികളിലൂടെ ചീറിപ്പാഞ്ഞ് കെഎസ്ആര്‍ടിസി ബസ് കൃത്യസമയത്ത് ആശുപത്രിയിലെത്തി. ഡ്രൈവര്‍ കെഎസ് ജയന്റെയും കണ്ടക്ടര്‍ പി എസ് സന്തോഷിന്റെയും സമയോചിതമായ ഇടപെടലാണ് രോഗിക്ക് തുണയായത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ അനവണ്ടി.