“അമ്പട! മലയാളിയായിരുന്നോ, എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്”; യേശുദാസിനൊപ്പമുള്ള മനോഹരമായ ഒരോര്‍മ്മ പങ്കുവച്ച് മധു വാര്യര്‍

October 18, 2019

ചലച്ചിത്ര താരങ്ങള്‍ സമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ള കുറിപ്പുകള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. നടനും നിര്‍മ്മാതാവും നടി മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഗാനഗന്ധര്‍വ്വന്‍ യേശുദാസിനൊപ്പമുള്ള മനോഹരമായ ഒരു ഓര്‍മ്മയാണ് മധു വാര്യര്‍ പങ്കുവച്ചിരിക്കുന്നത്. ചലച്ചിത്ര രംഗത്ത് എത്തുന്നതിന് മുമ്പേ മധു വാര്യര്‍ കുറച്ചുകാലം ഹോട്ടലില്‍ ജോലി ചെയ്തിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റില്‍ ബിരുദം നേടിയ ശേഷം മുംബൈയിലാണ് താരം ജോലി ചെയ്തത്. ഹോട്ടലില്‍ ഒരിക്കല്‍ യേശുദാസ് അതിഥിയായെത്തിയപ്പോഴുണ്ടായ രസകരമായ ഒരു സംഭവമാണ് ഫെയ്‌സ്ബുക്കില്‍ മധു വാര്യര്‍ കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മുംബൈയില്‍ ലീലയില്‍ ഉപജീവനം നടത്തുന്ന കാലം.

ഗാനഗന്ധര്‍വന്‍ ദാസേട്ടനും ഭാര്യ പ്രഭച്ചേച്ചിയും അതിഥികളായി എത്തിയപ്പോള്‍ അവരുടെ എല്ലാ സൗകര്യങ്ങളും നോക്കി നടത്താനുള്ള ഉത്തവാദിത്തം ലീലയുടെ ഉടമ ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ എന്നെയേല്‍പ്പിച്ചു.

ഉച്ചയൂണിന് അവരുടെ മുറിയിലേക്ക് അന്തരിച്ച ഗായിക രാധികാ തിലകും അവരുടെ ഭര്‍ത്താവ് ശ്രീ സുരേഷും എത്തി. അവരുടെ സ്വകാര്യതയ്ക്ക് ഭ്രംശം വരുത്താതെ വളരെ പ്രൊഫഷണലായി തന്നെ ഭക്ഷണം വിളമ്പി.

ദാസേട്ടന്‍: കുറച്ച് സാമ്പാര്‍ തരൂ

പ്രഭച്ചേച്ചി: ഇത് ബോംബെയല്ലേ? മലയാളത്തില്‍ പറഞ്ഞാല്‍ ആ കുട്ടിക്ക് മനസിലാവുമോ?

ദാസേട്ടന്‍: ഓ! സോറി! പ്ലീസ് ഗിവ് മി സം സാമ്പാര്‍

ചിരി പൊട്ടിയെങ്കിലും പ്രൊഫഷണലിസം വിടാതെ തന്നെ സാമ്പാര്‍ വിളമ്പി. രണ്ടാമത് ചോറ് വിളമ്പിക്കഴിഞ്ഞ് …

ദാസേട്ടന്‍: എനിക്ക് കുറച്ച് കൂടി സാമ്പാര്‍ വേണം

പ്രഭച്ചേച്ചി: ഇംഗ്ലീഷില്‍ പറയൂന്നേ

ദാസേട്ടന്‍: സോറി എഗെയിന്‍! സം മോര്‍ സാമ്പാര്‍ പ്ലീസ്

ഊണ് കഴിഞ്ഞ് ടേബിള്‍ ക്ലിയര്‍ ചെയ്ത് പോകാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, ‘വരട്ടെ സര്‍, എന്താവശ്യമുണ്ടെങ്കിലും റൂം സര്‍വീസില്‍ വിളിച്ചാല്‍ മതി. ഞാന്‍ വന്നോളാം.’

ദാസേട്ടന്‍: അമ്പട! മലയാളിയായിരുന്നോ!! എന്നിട്ടാണോ എന്നെക്കൊണ്ട് ഈ ഇംഗ്ലീഷൊക്കെ പറയിച്ചത്???!!!