‘മാമാങ്കം’; തമിഴ് പറഞ്ഞ് മമ്മൂട്ടി: രസകരമായ വീഡിയോ
മമ്മൂട്ടി നായകനായെത്തുന്ന പുതിയ ചിത്രമാണ് മാമാങ്കം. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നതും. പ്രേക്ഷകരുടെ ആകാംഷ വര്‍ധിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ടീസറും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. അതിമനോഹരമായ ദൃശ്യമികവിലാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. പഴശ്ശിരാജ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം കൈയില്‍ വാളും പരിചയുമേന്തി മമ്മൂട്ടി എത്തുന്ന ചിത്രംകൂടിയാണ് മാമാങ്കം. ടീസറില്‍ രാജകീയമായിതന്നെയാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നതും.
മലയാളത്തിനു പുറമെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും മാമാങ്കം മൊഴിമാറ്റുന്നുണ്ട്. ചിത്രത്തിന്റെ തമിഴ് പതിപ്പിനു വേണ്ടിയുള്ള ഡബ്ബിങിന്റെ ചെറിയൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. അതേസമയം തമിഴ് പതിപ്പില്‍ തന്റെ നായകകഥാപാത്രത്തിന് മമ്മൂട്ടി തന്നെയാണ് ശബ്ദം നല്‍കുന്നതും. തമിഴ് ഡബ്ബിങ്ങില്‍ മമ്മൂട്ടിയെ സഹായിക്കാന്‍ സംവിധായകന് റാമും ഉണ്ട്. മമ്മൂട്ടിയെ നായകനാക്കി റാം സംവിധാനം നിര്‍വ്വഹിച്ച പേരന്പ് എന്ന ചിത്രവും മികച്ച പ്രതികരണം നേടിയിരുന്നു. മാമാങ്കത്തിനായി സമയം ചിലവഴിച്ച റാമിന് നന്ദി അറിയിച്ചുകൊണ്ടാണ് വീഡിയോ മമ്മൂട്ടി പങ്കുവച്ചത്.
Read more:പ്രണയനായകനായ് കാളിദാസ് ജയറാം; ‘ഹാപ്പി സര്‍ദാര്‍’- ലെ പുതിയ ഗാനം
ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.
എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. എം ജയചന്ദ്രനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. കനിഹ, അനു സിത്താര, സിദ്ദിഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്.