പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ കൈയടി നേടി ഒരു ചിരിവീഡിയോ

October 14, 2019

‘ഒരു ചിരി കണ്ടാല്‍ അത് മതി…’എന്ന പാട്ടുവരി ഓര്‍മ്മയില്ലേ… സോഷ്യല്‍ മീഡിയയുടെ ഹൃദയം കവരുകയാണ് ഇത്തരത്തില്‍ മനോഹരമായ ഒരു ചിരി. ആരുടെയാണ് ഈ ചിരി എന്നല്ലേ… മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിരി. മമ്മൂട്ടിയുടെ പുഞ്ചിരിയും പൊട്ടിച്ചിരിയുമെല്ലാം നിറഞ്ഞ മനോഹരമായ ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ‘ആ ചിരിയാണ് ഞങ്ങള്‍ക്ക് എല്ലാം’ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിരി വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വിധു വിന്‍സന്റ് സംവിധാനം നിര്‍വ്വഹിക്കുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി. ചടങ്ങിനിടെയുള്ള താരത്തിന്റെ മനോഹരമായ ചിരിനിമിഷങ്ങളാണ് കാമറയില്‍ പതിഞ്ഞിരിക്കുന്നത്. എന്തായാലും സാമൂഹ്യ മാധ്യമങ്ങളിലൊന്നാകെ വൈറലായിരിക്കുകയാണ് ഈ ചിരി.

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

Read more:പ്രണയനായകനായ് കാളിദാസ് ജയറാം; ‘ഹാപ്പി സര്‍ദാര്‍’- ലെ പുതിയ ഗാനം

അതേസമയം സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തില്‍ നിമിഷ സജയനും രജിഷ വിജയനുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.  ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബറില്‍ സ്റ്റാന്‍ഡ് അപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.