അന്ന് ഗേറ്റിന്റെ വിടവിലൂടെ മമ്മൂട്ടിയെ കണ്ടു; ഇന്ന് തൊട്ടരികില്‍ മമ്മൂട്ടി ചേര്‍ത്തു നിര്‍ത്തി: സ്‌നേഹവീഡിയോ

October 15, 2019

ചലച്ചിത്ര ലോകത്ത് ശ്രദ്ധ നേടുകയാണ് മനോഹരമായ ഒരു ചേര്‍ത്തു നിര്‍ത്തല്‍ വീഡിയോ. മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയും പുതുമുഖ താരം വെങ്കിടേഷുമാണ് ഈ സ്‌നേഹ വീഡിയോയിലെ താരങ്ങള്‍. തന്റെ പ്രിയ താരം മമ്മൂട്ടിയെ ആദ്യമായി കണ്ട ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയായിരുന്നു വെങ്കിടേഷ്. താരത്തിന്റെ സ്‌നേഹവാക്കുകള്‍ക്കൊടുവില്‍ മമ്മൂട്ടി വെങ്കിടേഷിനെ തൊട്ടരികില്‍ ചേര്‍ത്ത് നിര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

വിധു വിന്‍സന്റ് സംവിധാനം നിര്‍വ്വഹിക്കുന്ന സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയായിരുന്നു ഈ സ്‌നേഹ മുഹൂര്‍ത്തങ്ങള്‍ അരങ്ങേറിയത്. രജിഷ വിജയനും നിമിഷ സജയനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ വെങ്കിടേഷ് ആണ് നായകന്‍. ചടങ്ങിനിടെ വെങ്കിടേഷ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് വൈറലാകുന്നത്. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് ഷൂട്ടിങ്ങ് ലൊക്കേഷനില്‍ പോയി മമ്മൂട്ടിയെ കണ്ട അനുഭവമാണ് വെങ്കിടേഷ് പങ്കുവച്ചത്. ഏറെ ഹൃദ്യമാണ് ഈ വീഡിയോ.

Read more:എന്തൊരു ക്യൂട്ടാണ്…, കൊച്ചുമിടുക്കിയുടെ ഈ പൂമുത്തോളേ… പാട്ടിന് നിറഞ്ഞ കൈയടി: വീഡിയോ

ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായ കീര്‍ത്തിയുടെയും സുഹൃത്തുക്കളുടെയും സൗഹൃദത്തിനിടയില്‍ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

സ്റ്റാന്‍ഡ് അപ്പ് എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉമേഷ് ഓമനക്കുട്ടനാണ്. ടോബിന്‍ തോമസ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ക്രിസ്റ്റി സെബാസ്റ്റ്യനാണ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നത്. ബിലു പദ്മിനി നാരായണനാണ് ഗാനരചന. വര്‍ക്കി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

അര്‍ജുന്‍ അശോകന്‍, വെങ്കിടേഷ്, സീമ, സജിത മഠത്തില്‍, നിസ്താര്‍ സേഠ്, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവംബറില്‍ സ്റ്റാന്‍ഡ് അപ്പ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.