കേരള മുഖ്യ മന്ത്രിയായ് മമ്മൂട്ടി, തിരക്കഥ ബോബി-സഞ്ജയ്; പുതിയ ചിത്രം ഒരുങ്ങുന്നു

October 10, 2019

ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നു. മമ്മൂട്ടിയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. പൊളിറ്റിക്കല്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ മുഖ്യ മന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. ആദ്യമായാണ് ബോബി-സഞ്ജയ് കൂട്ടുകെട്ടിനൊപ്പം മമ്മൂട്ടിയും ഒന്നിക്കുന്നത്. വണ്‍ എന്നാണ് ചിത്രത്തിന്റെ പേര്. ചിറകൊടിഞ്ഞ കിനാക്കള്‍ എന്ന ചിത്രം ഒരുക്കിയ സന്തോഷ് വിശ്വനാഥന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുക.

മമ്മൂട്ടിയ്ക്ക് പുറമെ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍, രഞ്ജി പണിക്കര്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിയ്ക്കും. അതേസമയം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തെ ഒരു സംഭവം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Read more:കാന്‍സര്‍ കാല് കവര്‍ന്നു; തളരാതെ ഒറ്റക്കാലില്‍ നൃത്തം ചെയ്ത് അഞ്ജലി: വീഡിയോ

അതേസമയം യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തില്‍ എത്തിയിരുന്നു. ആന്ധ്രാപ്രദേശിന്റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖര്‍ റെഡ്ഡിയുടെ ജീവിതമാണ് യാത്ര സിനിമയില്‍ ആവിഷ്‌കരിച്ചത്. രണ്ടാം തവണയും മുഖ്യമന്ത്രിയായിരിക്കെ ഉണ്ടായ ഹെലികോപ്റ്റര്‍ ദുരന്തത്തിലാണ് വൈ എസ് ആര്‍ കൊല്ലപ്പെട്ടത്. ഏറെ ജനകീയനായിരുന്നു വൈ എസ് ആര്‍. വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്നാണ് യാത്രയുടെ നിര്‍മ്മാണം. യാത്ര എന്ന സിനിമയില്‍ വൈഎസ്ആര്‍ ആയാണ് മമ്മൂട്ടി വേഷമിട്ടത്.