‘ഈ ബിരിയാണി ഇത്രമാത്രം രുചിയുള്ളതാകാൻ കാരണം ഇതാണ്’…; ലൊക്കേഷൻ വിശേഷങ്ങളുമായി ബിബിൻ

October 3, 2019

മലയാളികളുടെ പ്രിയതാരം മമ്മൂട്ടി നായക കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഷൈലോക്ക്. ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ലൊക്കേഷനിൽ മമ്മൂട്ടി ബിരിയാണി വിളമ്പുന്നതിന്റെ ചിത്രങ്ങൾ നടൻ ബിബിൻ ജോർജാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

ബിബിൻ ജോർജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാൻ ഇന്ന് കഴിച്ചത്.

അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ് …

മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതൽ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി…

ഇവിടെ ദുൽഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു “കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി”

അജയ് വാസുദേവ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഷൈലോക്ക്. രാജാധിരാജ, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഷൈലോക്കിന്. ഗുഡ്വില്‍ എന്റര്‍ടെയ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ഷൈലോക്ക് എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പിശുക്കനായ പലിശക്കാരനാണ് ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രം. പാവപ്പെട്ട ഒരാളാണ് നായകന്‍. തമിഴ് നടന്‍ രാജ് കിരണ്‍ ആണ് ഹീറോ. വില്ലന്റെ പേരാണ് ചിത്രത്തിന് ഇട്ടിരിക്കുന്നതെന്നും മമ്മൂട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദറാണ് ഈ സിനിമയ്ക്കു വേണ്ടി സംഗീതം ഒരുക്കുന്നത്. ബിബിനും   അനീഷും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം തമിഴ് നടന്‍ രാജ് കിരണ്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും ഷൈലോക്കിനുണ്ട്.