ടൊവിനോയ്ക്ക് നായികയായി മംമ്ത ; പുതിയ ചിത്രം ഒരുങ്ങുന്നു

October 26, 2019

മലയാള സിനിമയിൽ ഏറെ ആരാധകരുള്ള നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ചിത്രങ്ങൾക്കായി കാത്തിരിക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ ടൊവിനോയ്ക്കൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട നടി മംമ്ത മോഹൻദാസ് കൂടി എത്തുന്നുവെന്ന വാർത്തയാണ് ആരാധകർക്കിടയിൽ ആവേശം നിറയ്ക്കുന്നത്. ഫോറൻസിക് എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിൽ  ഒന്നിക്കുന്നത്.

സയന്‍സ് ഓഫ് ക്രൈം എന്ന ടാഗ് ലൈനിലാണ് ചിത്രം എത്തുന്നത്. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഫോറൻസിക്കിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നതും. നെവിസ് സേവ്യർ, സിജു മാത്യു എന്നിവരുടെ ജുവിസ് പ്രൊഡക്ഷന്‍സും രാജു മല്യത്തിന്റെ രാഗം മൂവീസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.

അതേസമയം തിയറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ് ടൊവിനോ തോമസ് നായകനായെത്തുന്ന എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രം. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. സംയുക്ത മേനോന്‍ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു.

Read more: അമ്മയെയുംകൊണ്ട് സ്കൂട്ടറിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങി കൃഷ്ണകുമാർ; കാരണമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

നടനും സംവിധായകനുമായ പി ബാലചന്ദ്രന്റേതാണ് എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിന്റെ തിരക്കഥ. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. എടക്കാട് ബറ്റാലിയന്‍ എന്ന ചിത്രത്തില്‍ ഒരു പട്ടാളക്കാരനായാണ് ടൊവിനോ തോമസ് എത്തുന്നത്. ഒരു പട്ടാളക്കാരന്റെ ജീവിതചുറ്റുപാടുകളാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പിള്ളെ, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഢന്‍, ശാലു റഹീം തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട് എടക്കാട് ബറ്റാലിയന്‍ 06-ല്‍.