അമ്മയെയുംകൊണ്ട് സ്കൂട്ടറിൽ ഇന്ത്യ ചുറ്റാൻ ഇറങ്ങി കൃഷ്ണകുമാർ; കാരണമറിഞ്ഞപ്പോൾ കൈയടിച്ച് സോഷ്യൽ മീഡിയ, വീഡിയോ

October 26, 2019

മാതൃസ്നേഹത്തിന്റെ പല ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഒരു മകന് അമ്മയോടുള്ള സ്നേഹം പ്രകടമാകുന്ന ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. അമ്മയേയും കൊണ്ട് ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിയ ഒരു മകനാണ് സമൂഹ മാധ്യമങ്ങളിൽ കൈയടി നേടുന്നത്. അതും സ്കൂട്ടറിലാണ് അമ്മയേയുംകൊണ്ട് യാത്രക്കിറങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയം.

മൈസൂർ സ്വദേശിയായ ദക്ഷിണാമൂർത്തി കൃഷ്ണകുമാറാണ് അമ്മയേയുംകൊണ്ട് തന്റെ ഇരുപത് വർഷം പഴക്കമുള്ള സ്കൂട്ടറിൽ ഇന്ത്യ കാണാൻ ഇറങ്ങിയിരിക്കുന്നത്. ബാങ്ക് ജീവനക്കാരനായിരുന്ന കൃഷ്ണകുമാർ ജോലി ഉപേക്ഷിച്ചാണ് അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങിയത്.

വർഷങ്ങളായി വീട്ടിൽ കഴിഞ്ഞുകൂടുകയായിരുന്നു കൃഷ്ണകുമാറിന്റെ ‘അമ്മ. അച്ഛന്റെ മരണശേഷം മക്കളുടെ കാര്യങ്ങൾ നോക്കി ജീവിതം തള്ളിനീക്കിക്കൊണ്ടിരുന്ന ‘അമ്മ ഒരിക്കൽ കൃഷ്ണകുമാറിനോട് ഒരു ആഗ്രഹം പ്രകടിപ്പിച്ചു. ‘തനിക്ക് ഹംബി ഒന്ന് കാണണം’ എന്നായിരുന്നു ആ ‘അമ്മ മകനോട് ആവശ്യപ്പെട്ടത്.

തങ്ങൾക്ക് വേണ്ടി ഇത്രയും വർഷം ജീവിച്ച അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കുന്നതിനായി അച്ഛന്റെ 20 വർഷം പഴക്കമുള്ള ബജാജ് സ്കൂട്ടറും എടുത്ത് കൃഷ്ണകുമാർ അമ്മയേയും കൊണ്ട് യാത്രക്കായി ഇറങ്ങി. ഹംബി ഉൾപ്പെടെ 48, 100 കിലോമീറ്റർ ഇപ്പോൾ ഇരുവരും ഈ സ്കൂട്ടറിൽ യാത്ര പിന്നിട്ടുകഴിഞ്ഞു.

കേരളം, കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഒറീസ, ജാര്‍ഖണ്ഡ്, ബീഹാര്‍, സിക്കിം, ആസാം, മേഘാലയ, മണിപ്പൂര്‍, മിസോറാം, ത്രിപുര, നാഗാലാന്‍ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇരുവരും സന്ദർശിച്ചുകഴിഞ്ഞു. ഇനിയും യാത്ര തുടരുകയാണ് ഈ അമ്മയും മകനും…