ഈ ബീച്ചുകളിൽ നിന്ന് കല്ല് പെറുക്കിയാൽ വലിയ വില കൊടുക്കേണ്ടി വരും; പിഴ രണ്ടര ലക്ഷം വരെ

March 24, 2024

യാത്രകളുടെ ഓര്‍മയ്ക്കായി പോകുന്ന സ്ഥലങ്ങളില്‍ നിന്നും സുവനീറുകളായി നിരവധി വസ്തുക്കള്‍ കൊണ്ടുവരുന്ന പതിവുണ്ട്. സഞ്ചരിക്കുന്ന നഗരങ്ങളിലെ പ്രധാന നിര്‍മിതകളുടെ മിനിയേച്ചറുകളോ ബീച്ചുകളില്‍ നിന്നും ശേഖരിക്കുന്ന ചിപ്പികളോ കല്ലോ മണലോ എന്തുമാവട്ടെ.. അങ്ങനെ നിരവധി സാധനങ്ങള്‍ ഓര്‍മയ്ക്കായി സൂക്ഷിക്കുന്നവരുണ്ട്. എന്നാല്‍ സ്‌പെയിനിനോട് ചേര്‍ന്നുകിടക്കുന്ന ഈ ദ്വീപില്‍ നിന്നും ഇത്തരത്തില്‍ കല്ലുകള്‍ ശേഖരിച്ചാല്‍ വിനോദസഞ്ചാരികള്‍ വലിയ വില കൊടുക്കേണ്ടി വരും. കാനറി ദ്വീപിന്റെ ഭാഗമായ ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെഞ്ചുറ എന്നീ രണ്ട് ദ്വീപുകളാണ് ബീച്ചില്‍ നിന്ന് പാറകളും കല്ലുകളുമെടുക്കുന്ന വിനോദ സഞ്ചാരികള്‍ക്ക് മേല്‍ പിഴ ചുമത്തുന്നതിനായി കര്‍ശന നിര്‍ദേശം പുറത്തിറക്കിയത്. ( Canary Islands fine tourists for picking stone )

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ബീച്ചുകളെന്നാണ് ലാന്‍സറോട്ട്, ഫ്യൂര്‍ട്ടെവെഞ്ചുറ ദ്വീപുകള്‍ അറിയപ്പെടുന്നത്. ബീച്ചുകളില്‍ നിന്ന് കല്ലും മണലുമൊക്കെ എടുത്താല്‍ അതിന്റെ ആവാസ വ്യവസ്ഥയെ ബാധിക്കുമെന്നതിനാലാണ് ഇത്തരത്തിലുള്ള നടപടി. ഇവിടുത്തെ ബീച്ചുകളില്‍ നിന്ന് കല്ല് പെറുക്കിയാല്‍ രണ്ടരലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. 128 പൗണ്ട് (13478 രൂപ) മുതല്‍ 2,563 പൗണ്ട് (2,69879 രൂപ) വരെയാണ് പിഴയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദ്വീപുകളിലെ സംരക്ഷിത പ്രദേശങ്ങളില്‍ നിന്നും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളുടെ ഫലമായി ഉണ്ടായ വസ്തുക്കളും മണ്ണും ഉള്‍പ്പെടെയുള്ളവ വലിയ അളവില്‍ നഷ്ടമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിര്‍ദേശം. ലാന്‍സറോട്ടയില്‍ നിന്ന് ഓരോ വര്‍ഷവും അഗ്‌നിപര്‍വത സ്ഫോടനത്തില്‍ നിന്ന് രൂപപ്പെട്ട ശിലകള്‍ ഒരു ടണ്ണോളം നഷ്ടപ്പെടുന്നു. ഫ്യൂര്‍ട്ടെവെഞ്ചുറയിലെ പ്രശസ്തമായ പോപ്കോണ്‍ ബീച്ചില്‍ നിന്ന് ടണ്‍ കണക്കിന് മണലും പോയിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ ഈ ബീച്ചുകളുടെ സ്വാഭാവിക സന്തുലിതാവസ്ഥയ്ക്ക് കോട്ടം സംഭവിക്കുന്നു. സഞ്ചാരികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുക്കുന്ന ശിലകളുടെ അളവിന് അനുസരിച്ചായിരിക്കും പിഴ ഈടാക്കുക. വലിയ അളവില്‍ പിടികൂടിയാല്‍ പരമാവധി പിഴതന്നെ ലഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

ബീച്ചുകളില്‍ നിന്നുമുള്ള മണ്ണും, കല്ലും പാറകളുമെല്ലാം ലാന്‍സറോട്ടിന്റെയും ഫ്യൂര്‍ട്ടെവെഞ്ചുറയുടെയും എയര്‍പോര്‍ട്ടുകളിലെ പരിശോധനകളില്‍ പല തവണ പിടിക്കപ്പെട്ടിരുന്നു. എന്നാല്‍ സംരക്ഷിത പ്രദേശത്ത് നിന്നും ശേഖരിച്ചതാണ് എന്ന് തെളിയിക്കാന്‍ കഴിയാത്തതിനാല്‍ നിയമനടപടി സ്വീകരിക്കാന്‍ കഴിയാതെ അധികാരികള്‍ കുഴയുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരുടെ നിരന്തരമായ ആവശ്യങ്ങള്‍ക്കൊടുവിലാണ് കല്ലും മണലും അടക്കം ശേഖരിക്കുന്നവര്‍ക്കെതിരെ നിയമനടപടയുമായി മുന്നോട്ടുപോകാന്‍ അധികൃതര്‍ തീരുമാനിച്ചത്.

Read Also : ആരാണ് തെരേസ കച്ചിൻഡമോട്ടോ? 3500 ലധികം പെൺകുട്ടികളുടെ ജീവിതം രക്ഷിച്ച സൂപ്പർ വുമൺ!

ഏഴ് പ്രധാന ദ്വീപുകള്‍ ഉള്‍പ്പെടുന്നതാണ് കാനറി ദ്വീപ സമൂഹം. ടെനെറിഫ്, ഗ്രാന്‍ കാനറിയ, ലാന്‍സറോട്ടെ, ഫ്യൂര്‍ട്ടെവെഞ്ചുറ, ലാ പാല്‍മ, ലാ ഗോമേറ, എല്‍ ഹിയേറോ. ഒരോ ദ്വീപുകളും വ്യത്യസ്തവും അതിമനോഹരവും ആണെന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സ്പെയിനിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമായ മൗണ്ട് ടെയ്ഡ് സ്ഥിതി ചെയ്യുന്നത് ടെനെറിഫ് ദ്വീപിലാണ്.

Story highlights : Canary Islands fine tourists for picking stone