മലയാളം വരികള്‍ ഹിന്ദിയിലാക്കി പഠിച്ച് ശ്രേയ ഘോഷാല്‍; നാല്‍പത്തിയൊന്നിലെ ആ മനോഹരഗാനം പിറന്നതിങ്ങനെ: വീഡിയോ

October 12, 2019

ആസ്വദകന് അതിശയിപ്പിക്കുന്ന ആലാപന മാധുര്യം സമ്മാനിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാല്‍. ആലപിക്കുന്ന ഓരോ ഗാനവും പ്രേക്ഷകന് അത്രമേല്‍ പ്രിയപ്പെട്ടതാക്കാന്‍ ശ്രേയ ഘോഷലിന് സാധിക്കും. മലയാളി അല്ലാതിരുന്നിട്ടുപോലും മലയാള ഗാനങ്ങള്‍ മനോഹരമായി പാടി കൈയടി നേടുന്നു. വീണ്ടുമിതാ ആലാപന മാധുര്യത്തില്‍ അതിശയിപ്പിച്ചിരിക്കുകയാണ്  നാല്‍പത്തിയൊന്ന് എന്ന ചിത്രത്തിലെ ഗാനത്തിലൂടെ. ഗാനത്തിന്റെ മെയ്ക്കിങ് വീഡിയോ പുറത്തെത്തി. അതേസമയം മലയാളം വരികള്‍ ഹിന്ദിയില്‍ എഴുതി പഠിച്ചാണ് ശ്രേയ പാടിയിരിക്കുന്നത്.

ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നാല്പത്തിയൊന്ന്’. ചിത്രത്തില്‍ ബിജു മേനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. കണ്ണൂര്‍ ജില്ലയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിലെ ‘മേലേ മേഘക്കൊമ്പില്‍…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ബിജിബാല്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

Read more:വാര്‍ത്ത അവതരണത്തിനിടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തി മകന്‍; പിന്നെ കുഞ്ഞുകുസൃതികള്‍; ചിരിയുണര്‍ത്തി ഈ ‘ബ്രേക്കിങ് ന്യൂസ്’

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരില്‍ നിന്ന് തുടങ്ങി ഒരു തെക്കന്‍ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് കുമാര്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. അജയന്‍ മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തട്ടുംപുറത്ത് അച്യുതനാണ് ലാല്‍ ജോസിന്റേതായി അവസാനമായി തിയേറ്ററുകളില്‍ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തിയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.