‘അഞ്ചാം പാതിരാ’ ഒരുങ്ങുന്നു; ശ്രദ്ധനേടി പുതിയ പോസ്റ്റർ
വ്യത്യസ്തമായ സിനിമകളിലൂടെ മലയാള ചലച്ചിത്ര ലോകത്തിന് ശ്രദ്ധനേടിയ സംവിധായകനാണ് മിഥുന് മാനുവല്‍ തോമസ്. കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചാം പാതിരാ. ത്രില്ലര്‍ വിഭാഗത്തിൽപെടുന്ന ചിത്രം അടുത്ത മാസം തിയറ്ററുകളിൽ എത്തും.
ചിത്രത്തിന്റേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ചലച്ചിത്ര ലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിഗൂഢതകള്‍ നിറച്ചാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചലച്ചിത്ര ലോകത്ത് ശ്രദ്ധേയമായിരുന്നു.
നിരവധി താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബനു പുറമെ ഷറഫുദ്ദീന്, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്, ജിനു ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. സൈജു ശ്രീധരനാണ് ചിത്രസംയോജനം. സുശിന്‍ ശ്യാം സംഗീതം നിര്‍വ്വഹിക്കുന്നു. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
Read more: 11,500 അടി ഉയരെനിന്നും ഹെലികോപ്ടർ താഴേക്ക്; തൂക്കിയെടുത്ത് വ്യോമസേന: വീഡിയോ
തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘ഓം ശാന്തി ഓശാന’ എന്ന ചിത്രത്തിന്റെ സഹ തിരക്കഥാകൃത്തായി മലയാള സിനിമയിലേയ്ക്ക് വരവറിയിച്ചതാണ് മിഥുന് മാനുവല്‍ തോമസ്. ആട്, ആന്മരിയ കലിപ്പിലാണ്, അലമാര, ആട് 2, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് എന്നിങ്ങനെ നീളുന്നു മിഥുന് മാനുവല്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രങ്ങള്‍.