ഇത് പ്രേക്ഷകർ കാത്തിരുന്ന ‘മൂത്തോൻ’; ആകാംഷയും ഭീതിയും നിറച്ച് ട്രെയ്‌ലർ

October 11, 2019

സിനിമ ആരാധകർ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മൂത്തോൻ. ചിത്രത്തിന്റെ ഓരോ വിശേഷങ്ങൾക്കും ആരാധകരും ഏറെയുണ്ട്. ചിത്രീകരണം പൂർത്തിയായ ഗീതു മോഹൻദാസ് ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു.
ട്രെയ്‌ലറിലുടനീളം ആകാംഷയും ഭീതിയുമെല്ലാം നിറഞ്ഞുനില്ക്കുണ്ട്. പതിനാലുകാരനായ പയ്യൻ തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുടനീളമുണ്ട്.

ഗീതു മോഹൻ ദാസ് സംവിധാനവും തിരക്കഥയും ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ നിവിന്റെ മേക്ക് ഓവർ ചലച്ചിത്രലോകത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍. സിനിമയുടെ ചിത്രീകരണം ലക്ഷദ്വീപിലും മുംബൈയിലുമായാണ് നടന്നത്. സിനിമയ്ക്ക് ‘ഇന്‍ഷാ അള്ളാഹ്’ എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്. പിന്നീട് അത് മാറ്റി മൂത്തോൻ എന്നാക്കുകയായിരുന്നു. നിവിൻ പോളിക്കൊപ്പം ദിലീഷ് പോത്തൻ, റോഷൻ എന്നിവരും ചിത്രത്തിലുണ്ട്.

മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്. ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപാണ്. എഡിറ്റിങ് ബി.അജിത്കുമാര്‍. ഗാങ്സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍. ഇറോസ് ഇന്റര്‍നാഷണലും ആനന്ദ് എല്‍. റായ്, അലന്‍ മക്അലക്സ് എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.