ബോളിവുഡ് താരം കൈരവി തക്കര്‍ മലയാളത്തിലേയ്ക്ക്; ‘മുന്തിരി മൊഞ്ചന്‍’ 25 ന്

ബോളിവുഡ് താരം കൈരവി തക്കര്‍ മലയാളത്തിലേയ്ക്ക് അരങ്ങേറ്റം കുറിക്കുന്നു. മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള ചലച്ചിത്രത്തിന്റെ ഭാഗമാകുന്നത്. ദീപിക എന്നാണ് ചിത്രത്തിൽ കൈരവി തക്കര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താരത്തിന്റെ കാരക്ടര്‍ പോസ്റ്ററും പുറത്തെത്തി. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ഒരു തവള പറഞ്ഞ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഒക്ടോബര്‍ 25ന് ചിത്രം തിയറ്ററുകളിലെത്തും.
സലീം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ടൂര്‍ണമെന്റ്, ഒരു മെക്സിക്കന്‍ അപാരത, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതും. ശങ്കര്‍ മഹാദേവന്, ശ്രേയ ഘോഷാല്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
Read more:പുഞ്ചിരിച്ചും പൊട്ടിച്ചിരിച്ചും മമ്മൂട്ടി; സോഷ്യല്‍മീഡിയയില്‍ കൈയടി നേടി ഒരു ചിരിവീഡിയോ
ഗോപിക അനില്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്, സലീമ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. വിശ്വാസ് ഫിലിംസിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ ‘പതിയെ ഇതള്‍ വിടരും..’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിയ്ക്കുന്നതും. സംവിധായകനായ വിജിത് നമ്പ്യാര്‍ ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും. മുരളീധരന് ഗുരുവായൂരിന്റേതാണ് ഗാനത്തിലെ വരികള്‍.