തവള പറഞ്ഞ കഥയുമായി ‘മുന്തിരി മൊഞ്ചന്‍’; ഡിസംബര്‍ 6 ന് തിയറ്ററുകളിലേക്ക്

October 23, 2019

‘ഒരു തവള പറഞ്ഞ കഥ’ എന്ന ടാഗ് ലൈനോടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധ നേടുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തെത്തി. ഡിസംബര്‍ ആറു മുതല്‍ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിയ്ക്കും. നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍.

സലീം കുമാര്‍ അവതരിപ്പിക്കുന്ന തവള എന്ന പ്രതീകാത്മക കഥാപാത്രവും മുന്തിരി മൊഞ്ചന്‍ എന്ന ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ടൂര്‍ണമെന്റ്, ഒരു മെക്‌സിക്കന്‍ അപാരത, ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മനേഷ് കൃഷ്ണനാണ് ചിത്രത്തില്‍ നായക കഥാപാത്രമായെത്തുന്നത്. പാട്ടുകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രം ഒരുങ്ങുന്നതും. ശങ്കര്‍ മഹാദേവന്‍, ശ്രേയ ഘോഷാല്‍, വിജേഷ് ഗോപാല്‍, ശ്രേയ ജയദീപ്, സുധാമയി നമ്പ്യാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വിവിധ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.

Read more:ശ്രദ്ധനേടി ഹാൻഡ്‌മെയ്‌ഡ്‌ വീടും സ്വിമ്മിങ് പൂളും; ഇത്ര സിംപിളോയെന്ന് സോഷ്യൽ മീഡിയ , വീഡിയോ

ഗോപിക അനില്‍, ഇന്നസെന്റ്, ഇര്‍ഷാദ്, നിയാസ് ബക്കര്‍, ഇടവേള ബാബു, അഞ്ജലി നായര്‍, വിഷ്ണു നമ്പ്യാര്‍, ദേവന്‍, സലീമ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്. വിശ്വാസ് ഫിലിംസിന്റെ ബാനറില്‍ പി കെ അശോകനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിലെ ‘പതിയെ ഇതള്‍ വിടരും..’ എന്നു തുടങ്ങുന്ന വീഡിയോ ഗാനവും അടുത്തിടെ പുറത്തെത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഗാനത്തിന് ലഭിയ്ക്കുന്നതും. സംവിധായകനായ വിജിത് നമ്പ്യാര്‍ ആണ് ഈ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നതും. മുരളീധരന്‍ ഗുരുവായൂരിന്റേതാണ് ഗാനത്തിലെ വരികള്‍. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.