‘ഇതാണ് നമ്മുടെ ഉല്ലാസ് മാഷ്’; ശ്രദ്ധനേടി നാല്പത്തിയൊന്നിലെ ചിത്രങ്ങൾ
ബിജു മേനോനും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നാൽപത്തിയൊന്ന്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകതയും നാൽപത്തിയൊന്നിനുണ്ട്. കണ്ണൂർ ജില്ലയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം നവംബര്‍ ആദ്യവാരം തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചലച്ചിത്ര പ്രേമികൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ട പുതിയ പോസ്റ്റർ, ബിജു മേനോൻ ഉല്ലാസ് ആയാണ് ചിത്രത്തിൽ വേഷമിടുന്നത്.
‘തെരഞ്ഞെടുപ്പും വേനലും ചൂടുപിടിപ്പിച്ചു തുടങ്ങിയ തലശ്ശേരിയിലെ മണ്ണില്‍ നാല്പത്തിയൊന്നിലെ കഥാപാത്രങ്ങള്‍ നടന്ന് തുടങ്ങിയിരിക്കുന്നു.’ എന്ന കുറിപ്പോടെ ഫേസ്ബുക്കിലൂടെയാണ് ലാല്‍ജോസ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. അന്ന് മുതൽ ലാൽ ജോസിന്റെ പുതിയ ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെയാണ് ലാൽ ജോസ് മലയാളികൾക്ക് പ്രിയപ്പെട്ട സംവിധായകനായി മാറിയത്. ബിജു മേനോനും ലാൽ ജോസും ഒന്നിച്ച ഒരു മറവത്തൂർ കനവിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ ഏഴ് വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ ഇഷ്ടതാരങ്ങൾ വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷയും വാനോളമാണ്.
കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമായ നാല്പത്തിയൊന്ന് ഒരുക്കുന്നത്. കണ്ണൂരിൽ നിന്ന് തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. അജയന് മാങ്ങോടാണ് കലാസംവിധാനം. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. രഘുരാമ വര്‍മ്മയാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
സിഗ്നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
തട്ടുംപുറത്ത് അച്യുതനാണ് ലാൽ ജോസിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന് നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്’. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. ഷെബിന്‍ ബക്കറാണ് ‘തട്ടിന് പുറത്ത് അച്യുതന്’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഹാസ്യം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രമേയം.
അതേസമയം ലാല്‍ ജോസിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്ന നിമിഷ സജയനാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ചോല എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തെതേടി പുരസ്കാരമെത്തിയത്.