IFFI 2019: ‘നേതാജി’ ഇന്ത്യന്‍ പനോരമയിലേയ്ക്ക്
ഗോവയില്‍ വച്ചു നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ‘നേതാജി’ എന്ന ചിത്രം. ചലച്ചിത്ര നിര്‍മ്മാണ രംഗത്തും വിതരണരംഗത്തുമെല്ലാം ശ്രദ്ധേയനായ ഗോകുലം ഗോപാലന് അഭിനയ രംഗത്തേയ്ക്കും ചുവടുവെയ്ക്കുന്ന ചിത്രമാണ് ‘നേതാജി’. സ്വാതന്ത്ര്യസമരത്തിലെ ഒരു പ്രധാന നേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതും വിജീഷ് മണി തന്നെയാണ്. ‘വിശ്വഗുരു’ എന്ന ചിത്രത്തിലൂടെ ഏറ്റവും വേഗത്തില്‍ സിനിമ പൂര്‍ത്തീകരിച്ച് റിലീസ് ചെയ്ത് ഗിന്നസ് റെക്കോര്‍ഡ് നേടിയിട്ടുള്ള സംവിധായകനാണ് വിജീഷ് മണി.
Read more:ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം; ശ്രദ്ധേയമായി ‘നാല്പത്തിയൊന്ന്’-ലെ ഗാനം
അതേസമയം റിലീസിനു മുമ്പേ പുതു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് നേതാജി എന്ന ചിത്രം. ലോകത്തിലെ ആദ്യ ഗോത്ര ഭാഷാ ചിത്രം എന്ന ഗിന്നസ് റെക്കോര്‍ഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. അട്ടപ്പാടി ആദിവാസി സമൂഹത്തിന്റെ ഭാഷയായ ‘ഇരുള’യിലിറങ്ങുന്ന ആദ്യ ചിത്രമാണ് നേതാജി. ചിത്രത്തില്‍ സുഭാഷ് ചന്ദ്രബോസിന്റെ വേഷത്തിലാണ് ഗോകുലം ഗോപാലന് എത്തുന്നത്.
ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യന്‍ പനോരമയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട 26 ചിത്രങ്ങളിലാണ് നേതാജിയും ഇടം നേടിയിരിക്കുന്നത്. നവംബര്‍ 20 മുതല്‍ 28 വരെയാണ് ഗോവയില്‍ ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേള അരങ്ങേറുക.