നായകനായി അരങ്ങേറ്റം; ‘ഒരു കടത്ത് നാടന്‍ കഥ’യുടെ വിശേഷങ്ങളുമായി ഷഹീന്‍ സിദ്ദിഖ്: വീഡിയോ

October 25, 2019

അഭിനയമികവുകൊണ്ട് മലയാളികളുടെ പ്രിയതാരമായി മാറിയ സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഒരു കടത്ത് നാടന്‍ കഥ’. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഷഹീന്‍ സിദ്ദിഖ് നായകനായെത്തുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഒരു കടത്ത് നാടന്‍ കഥ എന്ന സിനിമയ്ക്കുണ്ട്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിയ്ക്കുന്നത്. ചിത്രത്തിലെ ഷഹീന്‍റെ അഭിനയത്തെ പ്രശംസിക്കുന്നുണ്ട് പ്രേക്ഷകര്‍.  അതേസമയം നായകനായുള്ള തന്റെ അരങ്ങേറ്റത്തെക്കുറിച്ച് പറയുകയാണ് ഷഹീന്‍.

‘സുധീഷ് എന്ന സെലിബ്രറ്റി കോര്‍ഡിനേറ്റര്‍ വഴിയാണ് ഷഹീന്‍ ഒരു കടത്ത് നാടന്‍ കഥയുടെ ഭാഗമാകുന്നത്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ നല്ല ഒരു കണ്ടന്റുള്ളതായി തോന്നി. നായകനാകാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ സിനിമയില്‍ ചെയ്യാനാഗ്രഹിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഈ ചിത്രത്തിലുണ്ട്. സ്റ്റണ്ടും ഫൈറ്റുമൊക്കെ ഇഷ്ടമാണ്. ഇതൊക്കെ ഒരു കടത്ത് നാടന്‍ കഥയിലുണ്ട്.’ ഇക്കാരണങ്ങളാലാണ് സിനിമയുടെ ഭാഗമായതെന്ന് ഷഹീന്‍ പറഞ്ഞു.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരുന്നതോടെ കുഴല്‍ പണം കടത്താന്‍ ഷാനു തയ്യാറാവുന്നു. ഷാനുവിന്റെ ജീവിതത്തില്‍ ഒരു ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഈ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷഹീന്‍ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാര്‍, സുധീര്‍ കരമന, ബിജു കുട്ടന്‍, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.