ആക്ഷനും സസ്‌പെന്‍സും നിറച്ച് ‘ഒരു കടത്ത് നാടന്‍ കഥ’യുടെ ടീസര്‍; ചിത്രം 25 ന് തിയറ്ററുകളിലേയ്ക്ക്

October 21, 2019

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാകുകയാണ് ‘ഒരു കടത്ത് നാടന്‍ കഥ’ എന്ന ചിത്രത്തിന്റെ ടീസര്‍. ആക്ഷനും സസ്‌പെന്‍സും നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ പ്രിയ താരം സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ് ആദ്യമായി നായക വേഷത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് ‘ഒരു കടത്ത് നാടന്‍ കഥ’. അതേസമയം ചിത്രം ഈ മാസം 25 മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. നവാഗതനായ പീറ്റര്‍ സാജനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് ഇത്. ജീവിത സാഹചര്യം മൂലം കേരളത്തിലെ കുഴല്‍പ്പണ മാഫിയയുടെ കണ്ണി ആകേണ്ടി വരുന്ന യുവാവിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. നീരാഞ്ജനം സിനിമാസിന്റെ ബാനറില്‍ റിതേഷ് കണ്ണനാണ് ഒരു കടത്ത് നാടന്‍ കഥ എന്ന സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

ഷഹീന്‍ സിദ്ദിഖിനൊപ്പം പ്രദീപ് റാവത്ത് , സലിം കുമാര്‍, സുധീര്‍ കരമന, ബിജു കുട്ടന്‍, നോബി, ശശി കലിംഗ, കോട്ടയം പ്രദീപ്, സാജന്‍ പള്ളുരുത്തി, എഴുപുന്ന ബൈജു, അബു സലിം, പ്രശാന്ത് പുന്നപ്ര, അഭിഷേക്, രാജ്കുമാര്‍, ജയാ ശങ്കര്‍, ആര്യ അജിത്, പ്രസീദ, സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി, അഞ്ജന അപ്പുക്കുട്ടന്‍, രാംദാസ് തിരുവില്വാമല, ഷഫീക് എന്നീ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയിട്ടും തൊഴിലൊന്നും ലഭിക്കാത്ത ഷാനുവെന്ന യുവാവിന്റെ ജീവിതത്തില്‍ അരങ്ങേറുന്ന സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ഷാനുവിന്റെ ഉമ്മയ്ക്ക് ഒരു അപകടം സംഭവിക്കുന്നു. ഉമ്മയുടെ ഓപ്പറേഷന് പണമാവശ്യമായി വരുന്നതോടെ കുഴല്‍ പണം കടത്താന്‍ ഷാനു തയ്യാറാവുന്നു. ഷാനുവിന്റെ ജീവിതത്തില്‍ ഒരു ദിവസം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു മണി വരെ നേരിടേണ്ടി വരുന്ന ക്രൂരതകളുടെയും, ബുദ്ധിപൂര്‍വമായ അതിജീവനത്തിന്റെയും ഒരു പകലാണ് ഒരു കടത്ത് നാടന്‍ കഥ എന്ന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read more:ആയുധങ്ങളുമായി മോഷ്ടിക്കാനെത്തി; വയോധിക വച്ചുനീട്ടിയ പണം നിരസിച്ച് മോഷ്ടാവ്, ശേഷം നെറ്റിയില്‍ ഒരു ഉമ്മ…; വൈറല്‍ വീഡിയോ

പീറ്റര്‍ സാജനും അനൂപ് മാധവനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോസഫ് സി മാത്യു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പീറ്റര്‍ സാജനാണ് സിനിമയുടെ ചിത്രസംയോജനം നിര്‍വ്വഹിക്കുന്നതും. അല്‍ഫോന്‍സ് ജോസഫ് സംഗീതം ഒരുക്കിയിരിക്കുന്നു. ഹരീഷ് നാരായണന്‍, ജോഫി തരകന്‍ എന്നിവരാണ് സിനിമയിലെ ഗാനങ്ങളുടെ രചന.

സിനിമയുടെ മറ്റ് അണിയറപ്രവര്‍ത്തകര്‍ മേക്കപ്പ് രഞ്ജിത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, കലാ സംവിധാനം രമേശ് ഗുരുവായൂര്‍, സ്റ്റില്‍സ് രാംദാസ് മാത്തൂര്‍, സംഘട്ടനം റാംബോ സ്റ്റാന്‍ലി, ശബ്ദ മിശ്രണം ജിജു .ടി .ബ്രൂസ്, ഡിസൈന്‍സ് യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈന്‍ രാംദാസ് തിരുവില്വാമല, പി .ആര്‍ .ഒ ആതിര ദില്‍ജിത്ത് വാഴൂര്‍ ജോസ്.