ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈയായി പരിനീതി ചോപ്ര; ചിത്രം ഉടൻ

October 29, 2019

ബാഡ്മിന്റണ്‍ ഇതിഹാസ താരം സൈന നേവാളിന്റെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകരും. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായെത്തുന്നത്. എമോല്‍ ഗുപ്തയാണ് ചിത്രത്തിന്റെ സംവിധാനം.

സൈന നേവാളിന്റെ ബയോപിക് ചിത്രത്തിനു വേണ്ടിയുള്ള പരിനീതിയുടെ മെയ്ക്ക്ഓവര്‍ ചിത്രങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സൈനയെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി അവരുടെ വീട് സന്ദർശിക്കാൻ ഒരുങ്ങുകയാണ് പരിനീതി ചോപ്ര. സൈനയുടെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി പരിനീതി നടത്തിയ പരിശീലനങ്ങളും ചെറുതല്ല. അതേസമയം ശ്രദ്ധ കപൂറിനെ ആയിരുന്നു ചിത്രത്തില്‍ സൈനയുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാല്‍ പിന്നീട് താരം പിന്മാറുകയായിരുന്നു.

ഇന്ത്യയുടെ അയണ്‍ ബട്ടര്‍ഫ്‌ളൈ എന്നാണ് സൈനയെ വിശേഷിപ്പിക്കുന്നത്. നിലവില്‍ ലോകത്തിലെ ഒന്നാം സ്ഥാനക്കാരിയായായ സൈന ഒളിംപിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരമാണ്. ലോക ബാഡ്മിന്റന്‍ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സൈന. ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും സെമിഫൈനലിലും എത്തുന്ന ആദ്യത്തെ ഇന്ത്യന്‍ താരം.

Read also: ‘നീയെന്നെ കൂടുതൽ സുന്ദരിയാക്കി’; പാത്തുവിന് പിറന്നാൾ ആശംസകളുമായി കുടുംബം

വേള്‍ഡ് ജൂനിയര്‍ ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യത്തെ ഇന്ത്യക്കാരി എന്നീ ബഹുമതികളും സൈനയ്ക്കുണ്ട്. 2009-ൽ ജക്കാര്‍ത്തയില്‍ വച്ചു നടന്ന ഇന്‍ഡോനേഷ്യ ഓപ്പൺ മത്സരത്തില്‍ ബാഡ്മിന്റണില്‍ ഉയര്‍ന്ന സ്ഥാനക്കാരിയും, ചൈനീസുകാരിയുമായ ലിന്‍ വാംഗിനെ പരാജയപ്പെടുത്തി സൈന ചരിത്രം കുറിക്കുകയും ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് സൈന. സൈനയുടെ ജീവിതം പറയുന്ന ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍.