പാത്തുവിന് ഒരു കിടിലൻ സർപ്രൈസ് പിറന്നാൾ പാർട്ടി ഒരുക്കി പൂർണ്ണിമ; വീഡിയോ
സിനിമ താരങ്ങളെപോലെത്തന്നെ അവരുടെ മക്കൾക്കും സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകർ ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ നിരവധി ആരാധകരുള്ള ഒരു താരമാണ് ഇന്ദ്രജിത്ത് സുകുമാരന്റെയും പൂർണ്ണിമ ഇന്ദ്രജിത്തിന്റെയും മകൾ പ്രാർത്ഥന ഇന്ദ്രജിത്. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുട്ടിത്താരത്തിന് ആശംസകളുമായി നിരവധി ആരാധകരും എത്തുന്നുണ്ട്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയാണ് പാത്തുവിന് പൂർണ്ണിമയും ഇളയ മകൾ നക്ഷത്രയും ബന്ധുക്കളും ചേർന്ന് ഒരുക്കിയ പിറന്നാൾ സർപ്രൈസ്.
‘നീയെന്നെ കൂടുതൽ സുന്ദരിയാക്കി. എന്റെ ആദ്യത്തെ കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ’ എന്നാണ് പൂർണിമ പാത്തുവിന് ഇൻസ്റ്റാഗ്രാമിൽ പിറന്നാൾ ആശംസകൾ നേർന്നത്. നിറവയറുമായി നിൽക്കുന്ന ചിത്രമാണ് പൂർണിമ പങ്കുവച്ചത്. ‘എന്റെ പ്രിയപ്പെട്ട പാത്തുവിന് പിറന്നാൾ ആശംസകൾ, നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു’ എന്ന് ഇന്ദ്രജിത്തും. ‘ഹാപ്പി ബർത്ത്ഡേ പാത്തു… ലേബർ റൂമിൽ നിന്നും നിന്നെ പുറത്തുകൊണ്ടുവന്നത് ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു’ എന്ന് പൃഥ്വിരാജും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘മോഹൻലാൽ’ ‘ദി ഗ്രേറ്റ് ഫാദർ’ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്.