‘പൊൻവെയിലിൻ കസവായ്’ വിജയ് പാടി, ഏറ്റുപാടി ആൻ ആമിയും; മനോഹരം പൂഴിക്കടകനിലെ ആദ്യ ഗാനം , വീഡിയോ

October 23, 2019

നവാഗതനായ ഗിരീഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പൂഴിക്കടകൻ’. സാമുവൽ ജോൺ എന്ന കഥാപാത്രമായി ചെമ്പൻ വിനോദ് ജോസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.  അതേസമയം ചെമ്പൻ വിനോദിനൊപ്പം ജയസൂര്യയും ചിത്രത്തിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധന്യാ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലൻസിയർ, വിജയ് ബാബു, ബാലു വർഗീസ്, സജിത് നമ്പ്യാർ, സുധി കോപ്പ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഇപ്പോഴിതാ സംഗീത പ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം. ‘പൊൻവെയിലിൻ കസവായ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. വിജയ് യേശുദാസും ആൻ ആമിയും ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികൾ തയാറാക്കിയിരിക്കുന്നത് റഫീക്ക് അഹമ്മദാണ്. സംഗീതം പകർന്നിരിക്കുന്നത് രഞ്ജിത്ത് മേലേപ്പാട്ടും. എന്തായാലും മികച്ച അഭിപ്രായമാണ് ഗാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Read also: ജോജുവിന് പിറന്നാള്‍ മധുരം നല്‍കി മമ്മൂട്ടി; ‘വണ്‍’ ലൊക്കേഷനില്‍ ആഘോഷം: ചിത്രങ്ങള്‍ 

അതേസമയം ചെമ്പൻ വിനോദ് മുഖ്യ കഥാപാത്രമായി വെള്ളിത്തിരയിൽ എത്തിയ ചിത്രമാണ് ജല്ലിക്കട്ട്. ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ആന്റണി വർഗീസും സാബുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹൈറേഞ്ചിലാണ് സിനിമയുടെ ഭൂരിഭാഗവും ചിത്രീകരിച്ചത്.

എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആസ്പദമാക്കിയാണ് ജല്ലിക്കട്ട് ഒരുക്കിയത്. വലിയ ബഡ്ജറ്റിൽ നിർമ്മിച്ച ചിത്രം നിരവധി ചലച്ചിത്ര മേളകളിൽ ഇടംനേടിയിരുന്നു.