കടല്‍കാഴ്ചകള്‍ക്കൊപ്പം പ്രണയവും നിറച്ച് ‘പ്രണയമീനുകളുടെ കടലി’ലെ ഗാനം

October 10, 2019

കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. വിനായകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിയ്ക്കുന്നത്. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തെത്തി. ‘നീലിമേ… നീലിമേ… എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റഫീഖ് അഹമ്മദിന്റേതാണ് ഗാനത്തിലെ വരികള്‍. ഷാന്‍ റഹ്മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ശ്വേത മോഹനും നജീം അര്‍ഷാദും ചേര്‍ന്നാണ് ഈ മനോഹരഗാനം ആലപിച്ചിരിക്കുന്നത്. പുതുമുഖ താരമായ ഗബ്രി ജോസും തെലുങ്കു താരം ഋദ്ധി കുമാറുമാണ് ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.

ഡാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി വട്ടക്കുഴിയാണ് ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോണ്‍പോള്‍ തിരക്കഥ എഴുതുന്നു എന്ന പ്രത്യേകതയുമുണ്ട് പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്.

Read more:ആര്‍ദ്രമായ ആലാപനവുമായി ചിത്രയും ഹരിശങ്കറും; ശ്രദ്ധേയമായി മുന്തിരി മൊഞ്ചനിലെ ഗാനം: വീഡിയോ

ലക്ഷദ്വീപ് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുയിരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ദിലീഷ് പോത്തന്‍, സൈജു കുറുപ്പ്, സുധീഷ്, ഗബ്രി ജോസ്, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ, തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. ലക്ഷദ്വീപിലേയ്ക്ക് പുറത്തുനിന്നുള്ള ഒരു സംഘം എത്തുന്നതും തുടര്‍ന്ന് അരങ്ങേറുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

Read more:ബഹിരാകാശ നിലയത്തില്‍ ആദ്യമായി ബീഫ്; കൃത്രിമ മാംസം സൃഷ്ടിച്ച് ഗവേഷകര്‍: വീഡിയോ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രമായെത്തിയ ‘ആമി’ എന്ന സിനിമയ്ക്ക് ശേഷം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയ്ക്കുണ്ട്. ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ പ്രമേയം. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.