പുലിമുരുകൻ പിറന്നിട്ട് മൂന്ന് വർഷങ്ങൾ!! പുതിയ ചിത്രവുമായി ടീം വീണ്ടും ഒന്നിക്കുന്നു

October 7, 2019

മലയാള സിനിമയിൽ ഏറെ വിസ്മയങ്ങൾ സൃഷ്ടിച്ച മോഹൻലാൽ ചിത്രം പുലിമുരുകന് ഇന്ന് മൂന്ന് വയസ്. ചിത്രം പിറന്നിട്ട് മൂന്ന് വർഷങ്ങൾ പിന്നിടുമ്പോൾ ആരാധകർക്ക് മറ്റൊരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പുലിമുരുകൻ ടീം. നൂറ് കോടി, നൂറ്റമ്പത് കോടി ക്ലബുകളിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായ പുലിമുരുകൻ സംവിധായകൻ വൈശാഖിനും തിരക്കഥാകൃത്ത് ഉദയ്കൃഷ്ണക്കുമൊപ്പം മറ്റൊരു മോഹൻലാൽ ചിത്രം കൂടി മുളകുപ്പാടം ഫിലിംസ് നിർമാണത്തിൽ ഒരുങ്ങുകയാണ്. പുലിമുരുകന്റെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവച്ചത്.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചലച്ചിത്രം 25 കോടി മുതൽ മുടക്കിലാണ് നിർമ്മിച്ചത്. വൈശാഖ് സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ കൃഷ്ണനാണ്. ആക്ഷൻ കൈകാര്യം ചെയ്തിരിക്കുന്നത് പീറ്റർ ഹെയ്ൻ ആണ്. വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന മുരുകൻ എന്ന കഥാപാത്രത്തെ ചുറ്റിപറ്റിയാണ് കഥ പുരോഗമിക്കുന്നുന്നത്. ചിത്രത്തിൽ മുരുകനായി വേഷമിട്ടത് മോഹൻലാൽ ആണ്.

Read also: ‘നകുലന്‍ ഗംഗയുമായി ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വീണ്ടും ഒന്നിച്ചപ്പോള്‍’; ചിത്രം പങ്കുവച്ച് സുരേഷ്‌ ഗോപി

ഷാജി കുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് സാംജിത് മുഹമ്മദാണ്. ഗോപി സുന്ദർ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന സിനിമ തിയേറ്ററിലെത്തി 30 ദിവസത്തിനുള്ളിൽ 105 കോടി രൂപ കളക്ഷൻസ് നേടിയിരുന്നു.

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം പുലിമുരുകൻ മറ്റ് ഭാഷകളിലേക്കും ഒരുക്കുന്നതായി നേരത്തെ  റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടീം വീണ്ടും ഒന്നിക്കുമ്പോൾ പുലിമുരുകൻ രണ്ടാം ഭാഗമായിരിക്കുമോ എന്ന സംശയവും ആരാധകർക്കിടയിൽ ചർച്ചയാകുന്നുണ്ട്.