തുലാവര്‍ഷം ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

October 18, 2019

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. തിങ്കളാഴ്ച വരെ ശക്തമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം തുലാവര്‍ഷം ശക്തിപ്രാപിക്കുന്നതിനാല്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Read more:ബഹിരാകാശത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടുണ്ടോ; രസകരമായ നിമിഷങ്ങള്‍ പങ്കുവച്ച് ഹസ്സാ

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ പത്ത് മണി വരെയാണ് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളത്. കാറ്റിന്റെ വേഗത 45-55 കിലോമീറ്റര്‍ വേഗതയില്‍ നിന്നും 65 കിലോമീറ്റര്‍ വേഗതയില്‍ എത്താനും സാധ്യതയുണ്ട്.