വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ ഓര്‍മ്മകള്‍ക്ക് ഒരു വര്‍ഷം

October 2, 2019

വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ത്ത് സംഗീതലോകത്തിന് പകംവയ്ക്കാനില്ലാത്ത സംഭാവനകള്‍ നല്‍കിയ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ കാലയവനികയ്ക്ക് പിന്നില്‍ മറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്. ഒരു വാഹനാപകടം കവര്‍ന്നെടുത്ത ബാലഭാസകറിന്റെ മരിക്കാത്ത ഓര്‍മ്മകള്‍ സംഗീത ലോകത്ത് ഇന്നും അലയടിക്കുന്നു.

2018 സെപ്റ്റംബര്‍ 25-നാണ് ബാലഭാസ്‌കറും ഭാര്യയും മകള്‍ തേജസ്വിനി ബാലയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. ബാലഭാസ്‌കര്‍ കുടുംബത്തിനൊപ്പം ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് മരണത്തിന് കീഴടങ്ങി. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനിയും അപകടത്തില്‍ മരണപ്പെട്ടിരുന്നു.

തൃശൂരില്‍ നിന്നും ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജങ്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു. ബാലഭാസ്‌കറിന്റെ മരണം സംഭവിച്ചിട്ട് ഒരു വര്‍ഷം പിന്നിടുമ്പോഴും മരണത്തെക്കുറിച്ചുള്ള ദുരൂഹതകള്‍ ഇന്നും ബാക്കിയാണ്.

വയലിനും സംഗീതവുമായിരുന്നു ബാലഭാസ്‌കറിന്റെ ജീവിതം. കാല്‍നൂറ്റാണ്ടോളം സംഗീതരംഗത്ത് നിറശോഭയോടെ തെളിഞ്ഞു നിന്ന വെള്ളിനക്ഷത്രമാണ് ബാലഭാസ്‌കര്‍. മരണം കവര്‍ന്നെടുത്തിട്ടും ബാലഭാസ്‌കറിന്റെ മരിക്കാത്ത സംഗീതവും ഓര്‍മ്മകളും ഇന്നും കലാലോകത്ത് ഒളിമങ്ങാതെ തെളിഞ്ഞു നില്‍പ്പുണ്ട്.