ദ്വീപിൽ ക്രമാതീതമായി റബർബാൻഡുകൾ അടിഞ്ഞുകൂടുന്നു; കാരണമറിഞ്ഞപ്പോൾ വിചിത്രമെന്ന് ഗവേഷകർ

October 31, 2019

ഒറ്റപ്പെട്ട ദ്വീപുകളിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടി കിടക്കുന്നത് കാണാറുണ്ട്. പ്രധാനമായും പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടങ്ങളിൽ കാണാറുള്ളത്. എന്നാൽ ഇവിടൊരു ദ്വീപിൽ അടിഞ്ഞുകൂടിയ റബർബാൻഡാണ് ആളുകളെ അമ്പരപ്പിച്ചത്. യു കെ യിലെ കോർണിഷ് മേഖലയിലെ സംരക്ഷിത ദ്വീപിലാണ് നിറയെ റബർബാൻഡുകൾ അടിഞ്ഞുകൂടിയത്. റബർബാൻഡുകൾ കൂട്ടമായി കിടക്കുന്നുന്ത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്റെ കാരണമന്വേഷിച്ച് നിരവധി ഗവേഷകരും രംഗത്തെത്തി.

നിരവധി ദിവസങ്ങളിലെ അന്വേഷണങ്ങൾക്ക് ശേഷം ഇതിന്റെ കാരണം ഗവേഷകർ കണ്ടെത്തി. പക്ഷികളാണ് ഈ റബർബാൻഡുകൾ ശേഖരിച്ച് ദ്വീപിൽ എത്തിക്കുന്നത്. ഭക്ഷ്യയോഗ്യമായ കീടങ്ങൾ എന്ന് കരുതിയായിരിക്കാം ഇവ ശേഖരിക്കുന്നത്. എന്നാൽ ഉപയോഗ ശൂന്യമാണ് ഇവ എന്ന് കണ്ടെത്തുന്നതോടെ റബർബാൻഡുകൾ ഇവിടെ ഉപേക്ഷിക്കുകയാണ്.

കഴിഞ്ഞ വർഷമാണ് ഈ ദ്വീപിൽ ഇത്തരത്തിൽ റബർബാൻഡുകൾ ധാരാളമായി കണ്ടെത്തിയത്. പിന്നീട് ഇത് വർധിക്കുന്നതായും കണ്ടെത്തി, തുടർന്ന് ഗവേഷകർ നടത്തിയ പരിശോധനയിലാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയത്. പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹായത്തോടെ ഇവ നീക്കം ചെയ്തെങ്കിലും വീണ്ടും ഇവ അമിതമായി ഇവിടെ അടിഞ്ഞുകൂടുന്നതായി കണ്ടെത്തി.

മനുഷ്യ താമസമില്ലാത്തതിനാലാവാം ഇവിടങ്ങളിൽ പക്ഷികൾ ധാരാളമായി എത്തുന്നതും ഇവ ഇത്തരത്തിൽ റബർബാൻഡുകൾ നിക്ഷേപിക്കുന്നതെന്നും ഗവേഷകർ പറയുന്നു.