സക്കരിയയ്ക്ക് മികച്ച നവാഗത സംവിധായകനുള്ള മാക്ട പുരസ്‌കാരം

October 31, 2019

മലയാള സിനിമയിലെ സാങ്കേതികപ്രവര്‍ത്തകരുടെ കൂട്ടായ്മയായ മാക്ട ( മലയാളം സിനിമ ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍) പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കരിയ മുഹമ്മദ് കരസ്ഥമാക്കി. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രമാണ് സക്കരിയയെ ഈ അവാർഡിന് അർഹനാക്കിയത്. പതിനായിരത്തൊന്ന് രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. നവംബർ മൂന്നിന് മാക്ടയുടെ വിമൻസ് ഇന്റർ നാഷ്ണൽ ഫിലിം ഫെസ്റ്റിവൽ സമാപന ചടങ്ങിൽവച്ച് പുരസ്‌കാരങ്ങൾ നൽകും.

അന്തരിച്ച പള്ളുരുത്തി അക്കേരിപറമ്പിൽ  എ ആർ സദാനന്ദപ്രഭുവിന്റെ ഓർമ്മയ്ക്കായി മകൻ എ എസ് ദിനേശാണ് പുരസ്‌കാരം നൽകുന്നത്.

സൗബിന്‍ സാഹിര്‍ നായകനായി എത്തിയ ആദ്യ മലയാള സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രം മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്.

ഈ വര്‍ഷത്തെ കേരള സംസ്ഥാന അവാര്‍ഡുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ ‘സുഡാനി ഫ്രം നൈജീരിയ’ സ്വന്തമാക്കിയിരുന്നു. ജനപ്രീയ ചിത്രം ഉള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങളാണ് ഈ ചിത്രത്തിന് ലഭിച്ചത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് സൗബിന്‍ സാഹിറിനെ തേടിയെത്തി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയത് ഈ ചിത്രംതന്നെ. സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകനായ സക്കരിയ മുഹമ്മദാണ് മികച്ച നവാഗത സംവിധായകന്‍. ചിത്രത്തിലെ അഭിനയത്തിന് സാവിത്രി ശ്രീധരനും സരസ ബാലുശേരിക്കും പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

അതേസമയം സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം സക്കരിയ ഒരുക്കുന്ന പുതിയ ചിത്രമാണ്  ‘ഹലാല്‍ ലവ് സ്റ്റോറി’. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും നേരത്തെ പുറത്തെത്തിയിരുന്നു. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി, ഷറഫുദ്ദീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ആഷിക് അബു, ജെസ്‌ന ആഷിം, ഹര്‍ഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയ സംവിധായകന്‍ സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ഹലാല്‍ ലവ് സ്റ്റോറി എന്ന പുതിയ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. അജയ് മേനോനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബിജിബാലും ഷഹബാസ് അമനും ചേര്‍ന്ന് സംഗീതം നിര്‍വ്വഹിക്കുന്നു. പപ്പായ ഫിലിംസ്, ഒഡിഎം, അവര്‍ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബുവാണ് ചിത്രം തിയറ്ററുകളിലേക്കെത്തിക്കുന്നത്.