അഭിനയം നിർത്തുന്നു, ഇനി സിനിമയിലേക്കില്ല; വൈറലായി സുഡുവിന്റെ ഫേസ്ബുക്ക് കുറിപ്പ്
മലയാള സിനിമാ ആസ്വാദകരുടെ മനസില്‍ കണ്ണീരിന്റെ ഒരല്പം നനവ് ബാക്കി വെച്ചാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍ നൈജീരിയിലേക്ക് മടങ്ങിയത്… ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സുഡു. എന്നാൽ താരം അഭിനയം നിർത്താൻ ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
സാമുവല്‍ തന്നെയാണ് അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചതും. അതേസമയം കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശമായ കാലങ്ങൾ ആയിരുന്നുവെന്നും ഇപ്പോൾ ജീവിതത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും താരം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
സാമുവല്‍ അബിയോള റോബിന്‍സന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…
ഞാൻ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുകയാണ്. കഴിഞ്ഞ വർഷം ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട കാലമായിരുന്നു. വിഷാദ രോഗം ബാധിച്ച് ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നു. ആത്മഹത്യ ചെയ്യാനായി കയറും ആത്മഹത്യാക്കുറിപ്പും കൈയിൽ കരുതിയിരുന്നു. ഇത് ഒരുപക്ഷെ എന്റെ ജീവിതത്തിലെ അവസാന ചിത്രമായേനെ. ഇതിനെല്ലാം കാരണം അഭിനേതാവായത് തന്നെയാണ്.
തനിക്ക് പതിനഞ്ച് വയസുള്ളപ്പോൾ തന്നെ മാതാപിതാക്കളെ നഷ്‌ടപ്പെട്ടതാണ്. അന്നുമുതൽ വളരെ കഷ്ടപ്പെട്ടാണ് ജീവിച്ചുവന്നത്. കഠിനാദ്ധ്വാനത്തിലൂടെ ജീവിതത്തിന്റെ ഉന്നതനിലയിൽ വരെ എത്തി. കഴിഞ്ഞ വർഷം ബോളിവുഡിലെ രാജ്കുമാർ സന്തോഷിയിൽ നിന്നും എഐബിയിൽ നിന്നും തനിക്ക് അവസരങ്ങൾ വന്നിരുന്നു. തമിഴിലെ താരങ്ങളിൽനിന്നും, നൈജീരിയൻ സിനിമകളിൽനിന്നും, നിരവധി പരസ്യകമ്പനികളിൽ നിന്നുമെല്ലാം അവസരങ്ങൾ വന്നു. എന്നാൽ ഇവയെല്ലാം ഒരു പ്രത്യേക സാഹചര്യത്തിൽ തനിക്ക് നഷ്ടപ്പെട്ടു. പിന്നീട് ഒപ്പ് വച്ച ചില സിനിമാ പ്രൊജക്ടുകൾ ഒന്നും തന്നെ തനിക്ക് ലഭിക്കാതായി അതിനുശേഷം വളരെ മോശപ്പെട്ട അവസ്ഥയാണ് തനിക്കുണ്ടായത്. ഇത് മൂലം ജീവിതം അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തന്റെ സുഹൃത്തും അവളുടെ തെറാപ്പിസ്റ്റുമാണ് തന്നെ ജീവിതത്തിലേക്ക് തിരികെ വരാൻ സഹായിച്ചത്. എന്നും സാമുവൽ ഫേസ്ബുക്കിൽ കുറിച്ചു.