സേതുരാമയ്യര്‍ വീണ്ടും വെള്ളിത്തിരയിലേക്ക്
ദുരൂഹമരണങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്താനെത്തുന്ന സേതുരാമയ്യര്‍ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. വെള്ളിത്തിരയില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിയ സോതുരാമയ്യര്‍ സിബിഐ വീണ്ടുമെത്തുന്നു. മറ്റൊരു സസ്പെന്‍സ് ത്രില്ലറുമായി. സംവിധായകന് കെ മധു, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി, നിര്‍മ്മാതാവ് സ്വര്‍ഗചിത്ര അപ്പച്ചന്, മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ് പുതിയ ചിത്രത്തിലൂടെ.
മമ്മൂട്ടിയെ നായകനാക്കി എം പദ്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന മാമാങ്കം എന്ന സിനിമയുടെ ഇടവേളയിലാണ് സിബിഐ അഞ്ചാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നത്. 2020-ന്റെ തുടക്കത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കാലത്തിന്റെയും പ്രേക്ഷകരുടെ ചിന്താഗതിയിലെയും മാറ്റത്തെ അനുസരിച്ചാണ് ചിത്രം ഒരുക്കുക എന്നാണ് സൂചന.
1988-ലാണ് സേതുരാമയ്യര്‍ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് ഇറങ്ങിയത്. തുടര്‍ന്ന് 1989- ല്‍ ജാഗ്രത എന്ന ചിത്രം തിയറ്ററുകളിലെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐയും, 2005-ല്‍ നേരറിയാന്‍ സിബിഐയും വെള്ളിത്തിരയിലെത്തി. ഈ ചിത്രങ്ങള്‍ക്കെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ വരവേല്പാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ ഈ കൂട്ടുകെട്ടില്‍ പുതിയ ചിത്രമൊരുങ്ങുമ്പോള്‍ പ്രതീക്ഷയിലാണ് പ്രേക്ഷകരും.
അതേസമയം മമ്മൂട്ടി നായകനായെത്തുന്ന മാമാങ്കം അണിയറയില്‍ ഒരുക്കത്തിലാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാടിന്റെ ചരിത്രമാണ് മാമാങ്കം എന്ന സിനിമയുടെ മുഖ്യ പ്രമേയം. പന്ത്രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് അരങ്ങേറുന്ന മാമാങ്കത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിരവധി താരനിരകള്‍ അണിനിരക്കുന്ന ചിത്രമാണ് മാമാങ്കം. ചന്ദ്രോത്ത് പണിക്കര്‍ എന്ന കഥാപാത്രമായി ഉണ്ണി മുകുന്ദനും ചിത്രത്തില്‍ എത്തുന്നുണ്ട്. പ്രാചി തെഹ്ലാനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നു. അതേസമയം ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്കും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നുണ്ട്.