അന്ന് ആ പാട്ട് പാടിയപ്പോള്‍ റിയാലിറ്റി ഷോയില്‍ നിന്നും ഔട്ട്, ഇന്ന് അതേപാട്ടിന് ഡാന്‍സ് ചെയ്ത് കൈയടി നേടി ഷെയ്ന്‍ നിഗം: വീഡിയോ

October 15, 2019

ചിലരങ്ങനെയാണ്, ആത്മ വിശ്വാസവും കഠിന പ്രയത്‌നവുംകൊണ്ട് സ്വപ്‌നങ്ങളെ കൈയെത്തിപ്പിടിക്കും. ചലച്ചിത്ര ലോകത്തും ഇത്തരം നിരവധി സ്വപ്‌നസാക്ഷാത്കാരങ്ങള്‍ നാം കാണാറുണ്ട്. ജൂനിയര്‍ ആര്‍ടിസ്റ്റായി സിനിമയില്‍ അരങ്ങേറ്റംകുറിച്ച് പിന്നീട് നായകനായി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ക്കുന്നവര്‍. മലയാള ചലച്ചിത്ര ലോകത്ത് പകരം വയ്ക്കാനില്ലാത്ത അഭിനയമാണ് ഷെയ്ന്‍ നിഗത്തിന്റേത്. ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഷെയ്ന്‍ നിഗം പങ്കുവച്ച ഒരു വീഡിയോ.

‘പടച്ചോന്‍ ഉണ്ട് ട്ടാ…’ എന്ന അടിക്കുറിപ്പോടെയാണ് രസകരമായ ഈ വീഡിയോ ഷെയ്ന്‍ പങ്കുവച്ചിരിക്കുന്നത്. വീഡിയോയിലെ ആദ്യ ഭാഗത്ത് ആറാം ക്ലാസില്‍ പഠിക്കുന്ന ഷെയ്ന്‍ നിഗമാണ്. ‘പാല്‍ പോലെ പതിനാറ്, എനിക്കൊരു ഗേള്‍ ഫ്രണ്ട് വേണം…’ എന്ന ഗാനം ആലപിച്ചുകൊണ്ട് ചുവടുവയ്ക്കുകയാണ് കുഞ്ഞു ഷെയ്ന്‍. ഒരു റിയാലിറ്റി ഷോയിലെ ഒഡീഷന്‍ ദൃശ്യങ്ങളാണ് ഇത്. ‘മോന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ട്. പാട്ട് കുറച്ചുകൂടി ശരിയായാല്‍ നമുക്ക് അടുത്ത വര്‍ഷം ശരിയാക്കി എടുക്കാം എന്നാണ് ഷെയ്‌ന്റെ പ്രകടനത്തിന് ജഡ്ജസ് നല്‍കിയ കമന്റ്.

Read more:കത്തയച്ച മൂന്നാം ക്ലാസുകാരിക്ക് കുഞ്ചാക്കോ ബോബന്റെ മറുപടി; സ്‌നേഹക്കത്ത്

എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം, അതേ പാട്ടിന് ചുവടുവച്ച് കൈയടി നേടുന്ന ഷെയ്ന്‍ നിഗത്തേയും വീഡിയോയില്‍ കാണാം. എന്തായാലും ഈ വീഡിയോ ഇതിനോടകംതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി.

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഷെയ്ന്‍ ജൂനിയര്‍ ആര്‍ടിസ്റ്റായാണ് വെള്ളിത്തിരയില്‍ എത്തിയത്. താന്തോന്നി, അന്‍വര്‍, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര അഭിനയത്തിന്റെ ചുവടുകള്‍ പഠിച്ച താരം 2016- ല്‍ തിയറ്ററുകളിലെത്തിയ കിസ്മത്ത് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു. പറവ, സൈറ ബാനു, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഓള്, ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളിലൂടെ വെള്ളത്തിരയില്‍ ഷെയ്ന്‍ ശ്രദ്ധേയനായി.