സംവിധാനം അനൂപ് സത്യൻ അന്തിക്കാട്, നിർമ്മാണം ദുൽഖർ; പുതിയ ചിത്രത്തിൽ സുരേഷ് ഗോപിയും, ശോഭനയും

നിരവധി സൂപ്പർ ഹിറ്റുകൾ മലയാളികൾക്ക് സമ്മാനിച്ച സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധായകനാകുന്നു. ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞുനിന്ന സുരേഷ് ഗോപിയും, ശോഭനയും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാനാണ്.
നർമ്മത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ഒരു ഫാമിലി ഡ്രാമയാണ്. അതേസമയം ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി ദുൽഖറും എത്തുമെന്നാണ് സൂചന. സിനിമയുടെ ചിത്രീകരണം ഉടന്‍ ചെന്നൈയിൽ ആരംഭിക്കും. കല്യാണി പ്രിയദര്‍ശൻ, നസ്രിയ നസീം തുടങ്ങിയവരും ചിത്രത്തിലുണ്ടെന്നാണ് സൂചന.
അതേസമയം ചിത്രത്തിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഏറെ വ്യത്യസ്ഥതകൾ നിറഞ്ഞതാണെന്നും, ചാക്കോച്ചിയുടേത് പോലുള്ള ഒരു കഥാപാത്രമായിരിക്കില്ല ചിത്രത്തിലേതെന്നും അനൂപ് നേരത്തെ പറഞ്ഞിരുന്നു. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ശോഭന എത്തുന്ന ചിത്രത്തിനായി ഏറെ ആകാംക്ഷയിലാണ് ആരാധകർ. 2005 ൽ പുറത്തിറങ്ങിയ മകൾക്ക് എന്ന സിനിമയാണ് സുരേഷ് ഗോപിയും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
Read also: വഴിതെറ്റിവന്ന അമ്മയ്ക്ക് താങ്ങായി കേരളാ പൊലീസ്; ബിഗ് സല്യൂട്ടെന്ന് സോഷ്യൽ മീഡിയ
2013- ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘തിര’യാണ് ശോഭനയുടേതായി പുറത്തുവന്ന അവസാന ചിത്രം. ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. മലയാള സിനിമയിലെ മികച്ച താരങ്ങൾ ഒന്നിക്കുന്ന ചിത്രം ഒരു സൂപ്പർ ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.