നവ്യയ്ക്ക് സർപ്രൈസ് ഒരുക്കി മകൻ; കണ്ണുനിറഞ്ഞ് താരം, വീഡിയോ

ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ മകൻ തനിക്കായി ഒരുക്കിയ സർപ്രൈസ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.
മകൻ സായ് കൃഷ്ണയ്ക്ക് പരീക്ഷ നടക്കുകയാണ്. മകനെ കണക്ക് പഠിപ്പിക്കുന്നതിനിടയിൽ ഇടയ്ക്കിടെ അവൻ മുകളിലത്തെ നിലയിലേക്ക് കയറിപോയിരുന്നു. ഇത് നവ്യയെ അസ്വസ്ഥയാക്കി. എന്നാൽ രാത്രി എട്ട് മണിവരെ തീർത്തും സാധാരണപോലെ തന്നെ ആയിരുന്നു നവ്യയ്ക്ക് ആ ദിവസവും. എന്നാൽ വളരെ അപ്രതീക്ഷിതമായാണ് മുകളിലത്തെ നിലയിൽ മകനും കുടുംബവും ചേർന്ന് നവ്യയ്ക്കായി ഒരുക്കിയ പിറന്നാൾ ആഘോഷം നവ്യയെ ഞെട്ടിച്ചത്. പിറന്നാൾ ആഘോഷത്തിനായി നവ്യയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. ഇതും നവ്യയ്ക്ക് തികച്ചും സർപ്രൈസായി മകൻ ഒരുക്കിയ പിറന്നാൾ സമ്മാനമായിരുന്നു.
ഒക്ടോബർ 14 നാണ് നവ്യയുടെ പിറന്നാൾ ഇതുവരെ ആഘോഷിച്ചിരുന്നത്. എന്നാൽ മകൻ സായിയുടെ പ്രത്യേക ഇഷ്ടപ്രകാരമാണ് പിറന്നാൾ നക്ഷത്രം വരുന്ന ദിവസത്തിൽ ആഘോഷിച്ചത്.